തമിഴ്‌നാട് ഗവര്‍ണര്‍ കേരളത്തിലേക്ക്; ലോകായുക്ത ദിനത്തില്‍ മുഖ്യാതിഥി

കേരള ലോകായുക്ത ദിനത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി പങ്കെടുക്കും. ചെവ്വാഴ്ച്ച വൈകിട്ട് മൂന്നിന് നിയമസഭാ ബൊങ്ക്വറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങിലേക്ക് സംസ്ഥാന ലോകായുക്തയാണ് അദേഹത്തെ ക്ഷണിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാരുമായി പോരടിച്ച് വിവാദത്തിലായ ഗവര്‍ണറെ കേരളത്തിലെ പരിപാടിയില്‍ മുഖ്യാതിഥിയാക്കിയത് വിവാദത്തിലായിട്ടുണ്ട്. സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെച്ചതിന് ഡിഎംകെയും സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ആര്‍.എന്‍ രവിക്കെതിരെ പോര്‍മുഖം തുറന്നിരുന്നു. ഇതിനിടെയാണ് കേരളത്തിലേക്ക് തമിഴ്‌നാട് ഗവര്‍ണറെ ക്ഷണിച്ചിരിക്കുന്നത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നിയമമന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥലത്ത് ഇല്ലാത്തസാഹചര്യത്തിലാണ് തമിഴ്‌നാട് ഗവര്‍ണറെ വിളിക്കാന്‍ ലോകായുക്ത തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കേരളത്തില്‍ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്‍ നിയസഭാ പാസാക്കിയിട്ടും ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡിഎംകെ എംപിമാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്ത്അയച്ചിരുന്നു. നിയമസഭാ പാസാക്കിയ 20ഓളം ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ബീഹാര്‍ സ്വദേശിയായ ആര്‍.എന്‍ രവി കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. കേരളത്തിലെ സേവനത്തിനിടെ കണ്ണൂര്‍, ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.