"പാവാട ഒരു നല്ല സിനിമയാണ്": സോളാര്‍ പീഡന കേസ് അന്വേഷണത്തില്‍ സർക്കാരിന് എതിരെ ടി. സിദ്ധീഖ്

സോളാര്‍ പീഡനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ്. എൽ.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ടി സിദ്ധീഖിന്റെ പ്രതികരണം.

ടി സിദ്ധീഖിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാൻ പാടില്ല. ഖജനാവിൽ നിന്ന് കോടികൾ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും.
ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട്‌ കേൾക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട്‌ കേൾക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത്‌ ലാലിന്റേയും അച്ഛനമ്മമാർ പറഞ്ഞിട്ട്‌ കേൾക്കാത്ത മുഖ്യമന്ത്രി… വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേൾക്കാത്ത മുഖ്യമന്ത്രി…
പാവാട ഒരു നല്ല സിനിമയാണു

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട പീഡനകേസില്‍ ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള അന്വേഷണമാണ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവിൽ ഇതുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഈ ആറ് കേസുകളാണ് സംസ്ഥാന സർക്കാർ സി.ബി.ഐയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. ലൈംഗിക പീഡന പരാതി സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.