ജാതിബോധം കുട്ടികള്‍ക്കിടയില്‍ തിരിച്ചുവരികയാണെന്ന് ടി പത്മനാഭന്‍; 'പെണ്‍കുട്ടികളുടെ പേരിനൊപ്പംകൂടി ജാതിവാലുകള്‍ ചേര്‍ക്കപ്പെടുന്നു'

നവോത്ഥാന നായകര്‍ ഏതാണ്ട് തുടച്ചുമാറ്റിയെന്ന് നാം വിശ്വസിക്കുന്ന ജാതിബോധം കുട്ടികള്‍ക്കിടയില്‍ തിരിച്ചുവരികയാണെന്ന് കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞു. ഇന്ന് പെണ്‍കുട്ടികളുടെ പേരിനൊപ്പംകൂടി ജാതിവാലുകള്‍ ചേര്‍ക്കപ്പെടുന്നു. സ്വാതന്ത്യ്രസമരത്തില്‍ നമ്മെ നയിച്ച മഹദ് വ്യക്തികളുടെ പേരക്കുട്ടികള്‍ക്കുപോലും ഈ ജാതിവാല്‍ കാണുന്നു. നാരായണഗുരുവിന്റെ നാട്ടിലാണോ നാം ജീവിച്ചിരിക്കുന്നത് എന്ന് ഖേദപൂര്‍വം ആലോചിക്കണമെന്നും ടി പത്മനാഭന്‍ പറഞ്ഞു.

രാജ്യം അത്യധികം ഭീതിദമായ ഇരുണ്ടകാലത്തിലൂടെയാണ് കടന്നുപോവുന്നത് വിളക്കുകള്‍ തച്ചുകെടുത്തുന്ന കാലമാണ് വന്നിരിക്കുന്നത്. സ്വാതന്ത്യ്രം ലഭിച്ചശേഷം മഹാത്മാഗാന്ധി പറഞ്ഞത് തന്റെ വീടിന്റെ എല്ലാ വാതായനങ്ങളും തുറന്നിടുമെന്നാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള കാറ്റും വെളിച്ചവും കടന്നുവരട്ടെ എന്ന വലിയ സ്വാതന്ത്യ്ര പ്രഖ്യാപനമായിരുന്നു അത്. ആ ഗാന്ധിയെ പുതിയ കാലത്തെ ഭരണാധികാരികള്‍ തമസ്‌കരിക്കുകയാണ്. ചരിത്രപുസ്തകത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യുകയാണ്. വാതിലുകള്‍ തുറന്നിടുന്നതിന് പകരം കൊട്ടിയടച്ച് ചരിത്രത്തെ അനുദിനം മാറ്റിയെഴുതുകയാണവര്‍. താജ്മഹലിന്റെ അവസ്ഥ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു

ഗാന്ധിജിയല്ല ഗോഡ്‌സെയാണ് മഹാനെന്നുവരുന്നു. ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെടുന്ന കാലമാണ്. ഇടതൂര്‍ന്ന ഇരുട്ട് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തില്‍ മാത്രമാണ് ബാധിക്കാതിരിക്കുന്നത്. എന്നാല്‍ അലംഭാവം വച്ചുപുലര്‍ത്തിയാല്‍ എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാനാവില്ല. ഏത് വേഷം ധരിക്കണം, എത് ഭക്ഷണം കഴിക്കണം, ഏത് സിനിമ കാണണം എന്ന് മറ്റൊരാള്‍ തീരുമാനിക്കുകയാണ്. പത്മാവതിയും എസ് ദുര്‍ഗയും പ്രദര്‍ശിപ്പിക്കണോ എന്ന് മറ്റൊരാള്‍ തീരുമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു