ആര്‍ച്ച് ബിഷപ്പിന് ലത്തീന്‍സഭയോട് അനാദരവില്ല; പ്രചരിപ്പിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രസംഗം; അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സിറോ മലബാര്‍ സഭ

ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം സാമൂഹ്യമാധ്യങ്ങളില്‍ ബോധപൂര്‍വം പ്രചരിപ്പിക്കപ്പെടുന്നുവെന്ന് സീറോമലബാര്‍സഭ. ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ ഒരു രൂപതയുടെയും ഭാഗമാകാതെ ചിതറിപ്പാര്‍ത്തിരുന്ന സീറോമലബാര്‍ വിശ്വാസികള്‍ക്കു അജപാലനസംവിധാനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അതിന്റെ പ്രാരംഭനടപടിയായി 2014ല്‍ മാര്‍ റാഫേല്‍ തട്ടിലിനെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിച്ചു.

അതിനേത്തുടര്‍ന്നു 2017ല്‍ ഷംഷാബാദ് രൂപത സ്ഥാപിതമാകുകയും മാര്‍ റാഫേല്‍ തട്ടിലിനെ പുതിയ രൂപതയുടെ അധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിക്കുകയും ചെയ്തു. പുതിയ രൂപതയുടെ വളരെ വിശാലമായ അതിര്‍ത്തികള്‍ക്കുള്ളില്‍ സീറോമലബാര്‍സഭയുടെ അജപാലനസംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഇടവകകള്‍ സ്ഥാപിക്കുന്നതിനും അദേഹം പ്രേഷിത തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ചു.

ശ്രമകരമായ ആ ദൗത്യനിര്‍വഹണത്തിനിടയില്‍, സീറോമലബാര്‍സഭയുടെ തനതായ അജപാലനസംവിധാനങ്ങള്‍ രൂപപ്പെടേണ്ടതിന്റെയും അതിനോടു സീറോമലബാര്‍ വിശ്വാസികള്‍ സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വിശ്വസികളുടെ ഒരു സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2022ല്‍ ബെംഗളൂരുവില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

സീറോമലബാര്‍സഭയുടെ അംഗങ്ങള്‍ സഭയുടെ തനതായ ആരാധനാക്രമമനുസരിച്ചുള്ള കൂട്ടായ്മകളില്‍ പങ്കെടുക്കണമെന്ന ആഹ്വാനമാണ് ആ പ്രസംഗത്തിന്റെ കാതല്‍. ആ പ്രസംഗത്തില്‍ ലത്തീന്‍സഭയെക്കുറിച്ചുള്ള, തികച്ചും പ്രസംഗശൈലിയില്‍ വന്ന, പരാമര്‍ശം ഒരിക്കലും ആ സഭയോടുള്ള അനാദരവ് ആയിരുന്നില്ല.

ലത്തീന്‍സഭയുമായും മറ്റു കത്തോലിക്ക-അകത്തോലിക്കാസഭകളുമായും ബഹുമാനത്തിലും സ്‌നേഹത്തിലും സഹകരണത്തിലുമുള്ള ഒരു സഹവര്‍ത്തിത്വമാണ് തട്ടിലിന്റെ സഭാത്മകസമീപനമെന്നു അദേഹത്തെ അറിയാവുന്ന എല്ലാവര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പു തികച്ചും സാന്ദര്‍ഭികമായി പ്രസംഗശൈലിയില്‍ വന്ന ഒരു പരാമര്‍ശം ഇപ്പോള്‍ വിവാദമാക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ട് എന്നത് വ്യക്തമാണെന്നും സീറോ മലബാറ സഭ വ്യക്തമാക്കി.

അതിനാല്‍, ഈ വിഷയത്തിലുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഇത്തരം പ്രചാരണങ്ങളുടെ പിന്നിലെ ദുരുദ്ദേശ്യം തിരിച്ചറിയണമെന്നും സഭകള്‍ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയും കരുതലും ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സിറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.