വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം സ്വരാജ്. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്ന് എം സ്വരാജ് ആരോപിച്ചു. ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ക്കെതിരെ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെ ആയിരുന്നു സ്വരാജ് പ്രതികരിച്ചത്. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയുമെന്നും എം സ്വരാജ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി ഇന്ന് വീണ്ടും അത് ആവര്‍ത്തിക്കുകയായിരുന്നു.
എന്നാല്‍ എറണാകുളത്ത് നടന്ന പരിപാടിയില്‍ മന്ത്രി വിഎന്‍ വാസവന്‍ വെള്ളാപ്പള്ളിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് വെള്ളാപ്പള്ളി ചരിത്രം സൃഷ്ടിക്കുകയാണെന്നായിരുന്നു വാസവന്റെ പ്രസ്താവന. മതപണ്ഡിതന്‍മാര്‍ ഭരണത്തില്‍ ഇടപെടുന്നു. സര്‍ക്കാര്‍ എന്ത് ചെയ്താലും കാന്തപുരം ഉള്‍പ്പെടെയുള്ള മതനേതാക്കള്‍ ഇടപെടുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
സര്‍ക്കാര്‍ നല്ലകാര്യം ചെയ്യുമ്പോഴും അത് തകര്‍ക്കുമെന്ന് മതനേതാക്കള്‍ വെല്ലുവിളിക്കുന്നു. താന്‍ മുസ്ലീം സമുദായത്തിന് എതിരല്ല. സമുദായത്തെ ആക്ഷേപിച്ചുവെന്ന് വ്യാഖ്യാനമുണ്ടാക്കുകയാണ്. തന്നെ കത്തിച്ചാല്‍ പോലും അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.