ഗൂഢാലോചന കേസ് വ്യാജം, അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്‌ന സുരേഷ്; ചോദ്യം ചെയ്യലിന് ഹാജരായി

മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള ഗൂഢാലോചന കേസില്‍ സ്വപ്‌ന സുരേഷ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. അറസ്റ്റിനെ ഭയക്കുന്നില്ല. തനിക്കെതിരെയുള്ള ഗൂഢാലോചന കേസ് വ്യാജമാണ്. തനിക്ക്് ആരെയും പേടിയില്ല. തെറ്റ് ചെയ്താല്‍ മാത്രം പേടിച്ചാല്‍ മതിയെന്നും സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍. ഇതിനായി എറണാകുളം പൊലീസ് ക്ലബിലാണ് സ്വപ്നാ സുരേഷ് എത്തിയിരിക്കുന്നത്. ആദ്യമായാണ് കേസില്‍ ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. നേരത്തെ രണ്ടു തവണ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇ ഡിയുടെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സ്വപ്‌ന ഹാജരായിരുന്നില്ല.

ഗൂഢാലോചന കേസില്‍ സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിജു അബ്രഹാമാണ് സ്വപ്നയുടെ ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വപ്നക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

അതേസമയം ഷാജ് കിരണ്‍ ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറും. അനധികൃതമായി ഒന്നും നേടിയിട്ടില്ല. ക്രൈംബ്രാഞ്ചിനോട് പറഞ്ഞത് ഇഡിയോടും പറയും. തന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും ഷാജ് കിരണ്‍ പ്രതികരിച്ചു.