തൊണ്ടിമുതലായി കിട്ടിയ ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്തു; പൊലീസുകാരന് സസ്‌പെന്‍ഷന്‍

 

 

തൊണ്ടിമുതലായി ലഭിച്ച ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുത്ത് ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷിനെതിരെയാണ് നടപടി. സ്ത്രീകളുടെ നമ്പര്‍ എടുത്ത് അവരെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി.

തൊണ്ടിയായി പിടിച്ചെടുത്ത ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുക്കും. ശേഷം സ്വന്തം ഫോണില്‍ നിന്ന് അവരെ വിളിക്കുകയാണ് അഭിലാഷിന്റെ രീതി. പരാതിയെ തുടര്‍ന്ന് അഭിലാഷിന്റെ ഫോണ്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ആളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തയാളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും അഭിലാഷ് തന്റെ മൊബൈല്‍ ഫോണിലേക്ക് മാറ്റി.

പിന്നീട് ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.