ബി.ജെ.പി പ്രസിഡന്റ് ആയി സുരേന്ദ്രൻ തുടരും; ബി. ​ഗോപാലകൃഷ്ണൻ വൈസ് പ്രസിഡന്റ്, അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രൻ തന്നെ തുടരും. അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രചാരണങ്ങൾ നടക്കവേ പുതിയ മാറ്റങ്ങളോടെയുള്ള സംസ്ഥാന ഭാരവാഹി പട്ടിക കെ. സുരേന്ദ്രൻ തന്നെ പുറത്ത് വിട്ടു. അഞ്ച് ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റിയാണ് പുതിയ ഭാരവാഹി പട്ടിക പുറത്ത് വിട്ടത്.

അദ്ധ്യക്ഷന് പുറമേ ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയിൽ പുനസംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറൽ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉൾപ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രഖ്യാപിച്ചത്‌

വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. എ.എൻ. രാധാകൃഷ്​ണൻ, ശോഭ സുരേന്ദ്രൻ, ​ഡോ. കെ.എസ്​. രാധാകൃഷ്​ണൻ, ഡോ. പ്രമീള, സി. സദാനന്ദൻ മാസ്റ്റർ, വി.ടി. രമ, വി.വി. രാജൻ, സി. ശിവൻകുട്ടി, പി. രഘുനാഥ്​, എന്നിവരാണ്​ മറ്റു വൈസ്​ പ്രസിഡൻറുമാർ. കോൺഗ്രസിൽ നിന്ന്​ എത്തിയ പന്തളം പ്രതാപൻ സംസ്ഥാന സെക്രട്ടറിയാകും​. നടൻ കൃഷ്​ണകുമാറിനെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തി. സംസ്ഥാന ഓഫിസ്​ സെക്രട്ടറിയെയും മാറ്റി. ജയരാജ്​ കൈമളാണ്​ പുതിയ ഓഫീസ്​ സെക്രട്ടറി. മൂന്ന്​ പുതിയ വക്​താക്കളും പട്ടികയിൽ ഇടം നേടി.

എം.ടി. രമേശ്​, അഡ്വ. ജോർജ്​ കുര്യൻ, സി. കൃഷ്​ണ കുമാർ, അഡ്വ. പി. സുധീർ, എം. ഗണേഷ്​, കെ. സുഭാഷ്​ എന്നിവർ ജനറൽ സെക്രട്ടറിമാരായി തുടരും. അഡ്വ. ഇ. കൃഷ്​ണദാസാണ്​ ട്രഷറർ. വി.എ.സൂരജ് (പത്തനംതിട്ട), ജി.ലിജിൻലാൽ ( കോട്ടയം), കെ.എം.ഹരിദാസ് (പാലക്കാട്), കെ.പി.മധു (വയനാട്), രവീശതന്ത്രി (കാസർകോട്) എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. സംസ്ഥാന ഓഫിസ് സെക്രട്ടറിയായി ജയരാജ് കൈമളെ നിയമിച്ചു.