ശബരിമല കേസ്; ഏഴംഗ വിശാല ബെഞ്ച് പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല

ശബരിമല കേസിൽ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. അതേസമയം കേസ് വിശാല ബെഞ്ചിലേക്ക് വിട്ടു. ഏഴ് അംഗ വിശാല ബെഞ്ചാണ് ഹർജികൾ പുനഃപരിശോധിക്കുക. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമാനമായ എല്ലാ കേസുകളും വിശാല ബെഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതു വരെ ശബരിമലയിൽ യുവതീപ്രവേശനം സാധ്യമാക്കിയ വിധി നിലനിൽക്കും. ആർത്തവമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജികള്‍ സമർപ്പിച്ചിരുന്നത്. ഈ ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്  പുനഃപരിശോധിക്കുന്നതിന് വിശാല ബെഞ്ചിലേക്ക് വിട്ടത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 28-നാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നത്. ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ 2006-ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ വ്യവഹാരങ്ങൾക്ക് ശേഷമായിരുന്നു വിധി. യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോൾ അതു നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങൾ ഉയർന്നു. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്ത 9000 ക്രിമിനൽ കേസുകളിൽ പ്രതികളായത് 27,000 പേരാണ്.‌ വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ മുമ്പാകെ എത്തിയത്. പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു.