സുഗന്ധഗിരി മരംമുറി കേസ്; ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട് സുഗന്ധഗിരി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ഇതോടെ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒന്‍പതായി. സൗത്ത് വയനാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജന കരീം, കല്‍പ്പറ്റ ഫ്‌ളെയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം സജീവന്‍, ഗ്രേഡ് ഡെപ്യൂട്ടി ബീരാന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്നു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താത്കാലിക ചുമതല. ഫ്‌ലൈയിംഗ് സ്‌ക്വാഡിന്റെ താത്കാലിക ചുമതല ഇതോടെ താമരശ്ശേരി ആര്‍ഒ വിമലിനാണ്.

Read more

ഉന്നതതല അന്വേഷണത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വീടുകള്‍ക്ക് ഭീഷണിയുള്ള 20 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ 102 മരങ്ങള്‍ മുറിച്ചതായാണ് കണ്ടെത്തല്‍.