തിരുവനന്തപുരത്ത് പെരുമഴയിൽ ഉപജില്ലാ സ്‌കൂൾ മീറ്റ്; വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിർന്ന് ഓടി കുട്ടികൾ; മത്സരം മാറ്റി വെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്ന് അധികൃതരുടെ വിശദീകരണം

തിരുവനന്തപുരത്ത് പെരുമഴയിൽ ഉപജില്ലാ സ്‌കൂൾ മീറ്റ് തുടരുന്നു. കിളിമാനൂർ ഉപജില്ലാ സ്കൂൾ മീറ്റാണ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ പെരുമഴയത്തും തുടരുന്നത്. കാട്ടാക്കട സബ്‌ജില്ലാ സ്കൂൾ മീറ്റിലും സമാന സ്ഥിതിയാണ്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവെക്കാൻ അധികൃതർ തയാറായിട്ടില്ല. ഇന്നത്തെ മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികൾ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിർന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് അത്ലറ്റിക് മീറ്റിനെത്തിയത്. തണുപ്പിലും പെരുമഴയിലുമാണ് എല്ലാ കുട്ടികളും മത്സരങ്ങളിൽ പങ്കെടുത്തത്. കനത്ത മഴ രാവിലെ മുതൽ പെയ്തിട്ടും കുട്ടികൾ നനഞ്ഞ് വിറച്ച് നിൽക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാൻ തയ്യാറായില്ല.

രാവിലെ മുതൽ 400 മീറ്റർ, 1500 മീറ്റർ, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നിൽക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും മത്സരം നടത്തുകയാണ്. ഇന്നും നാളെയുമായാണ് അത്ലറ്റിക് മീറ്റ് നടക്കുന്നത്.