'വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢി'; ഗവര്‍ണറെ കടന്നാക്രമിച്ച് എം.എം മണി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് മുന്‍ മന്ത്രി എംഎം മണി. സിപിഎം നേതാവ് കെകെ രാകേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങള്‍ വിഡ്ഢിത്തമാണെന്നും ഗവര്‍ണര്‍ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി മാറിയെന്നും മണി പരിഹസിച്ചു. ഇത്രയും ബുദ്ധിശൂന്യനെ ഗവര്‍ണറായി കേന്ദ്രം അടിച്ചേല്‍പ്പിച്ചത് മര്യാദകേടാണെന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ കാണാന്‍ പോയതോടെ ഗവര്‍ണറാരാണെന്ന് വ്യക്തമായതാണെന്നും എംഎം മണി പറഞ്ഞു.

കേരളത്തിലിരുന്ന് ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനെ ബുള്‍ഡോസര്‍ കാട്ടി പേടിപ്പിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയുടെ മാന്യത അദ്ദേഹം കാത്ത് സൂക്ഷിക്കണമെന്നും കമ്യൂണിസ്റ്റ് വിരോധമുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് പഠിപ്പിക്കുന്നത് ശരിയല്ലെന്നും എ. വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെതിരെ ഗവര്‍ണര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരുടെ അറസ്റ്റ് തടഞ്ഞത് അന്ന് എം.പിയായിരുന്ന കെ.കെ.രാഗേഷാണന്ന ഗവര്‍ണറുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെ ചുമതലയേറ്റിരിക്കുകയാണ്. ആര്‍.എസ്.എസിന്റെ വക്താവ് എന്ന് പറയുന്ന ഗവര്‍ണറെക്കുറിച്ച് എന്ത് പറയാനാണ്. നിയമപരമായും ഭരണഘടനാപരമായും പ്രവര്‍ത്തിച്ചാല്‍ ഗവര്‍ണറെ ബഹുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ തൃശൂരില്‍ പറഞ്ഞു.