ജനത്തെ പെരുവഴിയിലാക്കി സമരം; കെ.എസ്.ആര്‍.ടിസിയെ അവശ്യ സര്‍വീസാക്കാന്‍ ആലോചനയെന്ന് മന്ത്രി

ജനങ്ങളെ വലയ്ക്കുന്ന പ്രവണത തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടക്കുന്നില്ല. ശമ്പള വര്‍ദ്ധന നടപ്പിലാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ, ശമ്പളം കൂട്ടുന്നത് സര്‍ക്കാരിന് 30 കോടി രൂപയുടെ അധിക ബാദ്ധ്യത സൃഷ്ടിക്കും. അതു ചര്‍ച്ച ചെയ്യാനുള്ള സമയ പരിധിയാണ് ജീവനക്കാരോട് ചോദിച്ചത്- ആന്റണി രാജു പറഞ്ഞു.

കോവിഡ് കാലത്ത് വരുമാനം ഇല്ലാത്ത മാസങ്ങളില്‍ പോലും ശമ്പളം നല്‍കാതിരുന്നിട്ടില്ല. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജനങ്ങളെ വലച്ചതില്‍ യൂണിയനുകള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.