പരീക്ഷ എഴുതാൻ എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം; ഓടിച്ചിട്ട് കടിച്ചു

കൊച്ചിയില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വച്ച് തെരുവ് നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം .

വിദ്യാര്‍ത്ഥിനിയുടെ ഇടത് കയ്യിലാണ് കടിയേറ്റത്. ആഴത്തില്‍ മുറിവേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരും പിടിഐ ഭാരവാഹികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതി. പരീക്ഷയക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രതിരോധ വാക്‌സിനെടുത്തു വീട്ടിലേക്ക് മടങ്ങി.

പലയിടങ്ങളിലും തെരുവ് നായകളുടെ ആക്രമണം കൂടുകയാണ്. മാര്‍ച്ച് 28 ന് പെരുമ്പടന്ന ഗവ. എല്‍പി സ്‌കൂളിലേക്ക് വരികയായിരുന്ന അധ്യാപികയ്ക്ക് നേരെയും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. പെട്രോള്‍ പമ്പില്‍ വച്ച് സ്‌കൂട്ടറിലിരിക്കുന്ന അധ്യാപികയുടെ കാലില്‍ തെരുവ് നായ കടിച്ചുവലിക്കുകയായിരുന്നു.