മുങ്ങിയ ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ; സാൽവേജ് കമ്പനി ദൗത്യത്തിൽ നിന്ന് പിൻമാറി, അന്ത്യശാസനം നൽകി കേന്ദ്ര സർക്കാർ

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട് മുങ്ങിയ എംഎസ്‍സി എൽസ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ. എംഎസ്‍സി കമ്പനി നിയോഗിച്ച സാൽവേജ് കമ്പനി ദൗത്യത്തിൽ നിന്ന് പിൻമാറി. അതേസമയം കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകി. ഉടൻ എണ്ണ നീക്കാനുള്ള നടപടികൾ ഉടൻ തുടങ്ങിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ അറിയിച്ചു.

എംഎസ്‍സി എൽസ 3ൽ നിന്ന് എണ്ണ നീക്കം ചെയ്യാൻ എംഎസ്‍സി നിയോഗിച്ചിരുന്ന ടി ആന്റ് ടി സാൽവേജ് കമ്പനിയാണ് ദൗത്യത്തിൽ നിന്ന് പിൻമാറിയത്. ദൗത്യത്തിന് വേണ്ടത്ര സാങ്കേതിക പരിജ്ഞാനം തങ്ങൾക്ക് ഇല്ലെന്ന് ടി ആന്റ് ടി സാൽവേജ് അറിയിച്ചു. പ്രവൃത്തികൾക്കായി എത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പൽ തിരിച്ചുപോവുകയും ചെയ്തു. ഇതോടെ ജൂലൈ മൂന്നാം തീയതിക്കുള്ളിൽ തീർക്കേണ്ട എണ്ണ നീക്കൽ ദൗത്യം പൂർണമായും നിലച്ച അവസ്ഥയിലാണ്.

Read more

ഇതിന് പിന്നാലെയാണ് മുങ്ങിയ കപ്പലിലെ എണ്ണം നീക്കം ചെയ്യാൻ ഇതുവരെ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് ഷിപ്പിങ് ഡയറക്ടർ ജനറൽ അന്ത്യശാസനം നൽകിയത്. ടി ആന്റ് ടി സാൽവേജ് കമ്പനിക്ക് പകരം സിംഗപ്പൂർ, ഡച്ച് കമ്പനിയെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ എംഎസ്‍സി അറിയിച്ചിരിക്കുന്നത്. അതേസമയം കപ്പൽ മുങ്ങിയ ഭാഗത്ത് നേർത്ത എണ്ണപ്പാളികൾ കണ്ടു തുടങ്ങിയെന്ന് കോസ്റ്റഗാർഡ് അറിയിച്ചു. എന്നാൽ ഇത് ഇന്ധന ടാങ്കിലെ എണ്ണ ചോരുന്നതല്ലെന്നാണ് കപ്പൽ കമ്പനിയുടെ വാദം.