ആംബുലന്‍സുകളും വെള്ളയടിക്കണം; നേവിബ്ലൂ വരയിടണം; ചിലര്‍ക്ക് സൈറണ്‍ ഉപയോഗിക്കാനാവില്ല; ഉത്തരവുമായി ഗതാഗത അതോറിറ്റി

സംസ്ഥാനത്ത് വീണ്ടും പുതിയ പരീക്ഷണങ്ങളുമായി സംസ്ഥാന ഗതാഗത അതോറിറ്റി. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയടിപ്പിച്ചതിന് പിന്നാലെ ആംബുലന്‍സുകളെയും ഗതാഗത അഥോറിറ്റി പിടികൂടിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ളനിറത്തിലേക്ക് മാറണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം.

2023 ജനുവരി ഒന്നുമുതല്‍ ഇത് നിയമം പ്രാബല്യത്തില്‍വരുമെന്നും ലംഘിച്ചാല്‍ പിഴയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള ആംബുലന്‍സുകള്‍ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറംമാറ്റിയാല്‍മതി.

വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളില്‍ ഉള്‍പ്പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിര്‍ദേശം. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും സ്ഥാപിക്കണം.

മൃതദേഹം കൊണ്ടുപോകാന്‍മാത്രം ഉപയോഗിക്കുന്ന ആംബുലന്‍സുകള്‍ തിരിച്ചറിയുന്നതിനും മാര്‍ഗനിര്‍ദേശമുണ്ട്. ഇത്തരം ആംബുലന്‍സുകളില്‍ ഇനി സൈറണ്‍ ഉപയോഗിക്കാനാവില്ല. മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാന്‍ ‘ഹെര്‍സേ’ എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റുകൊണ്ടെഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റര്‍ വീതിയില്‍ നേവിബ്ലൂ നിറത്തില്‍ വരയിടുകയും വേണമെന്നും അധികതര്‍ വ്യക്തമാക്കി.

നേരത്തെ, ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം തടയാന്‍ കര്‍ശനമാക്കിയ മാനദണ്ഡങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കിയിരുന്നു. യൂണിഫോം കളര്‍ കോഡില്‍ അല്ലാത്ത ബസുകള്‍ നിരത്തില്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്നും വ്യക്തമാക്കി. വെള്ള നിറവും വയലറ്റ് വരയുമെന്ന യൂണിഫോം കോഡാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രക്ക് മൂന്ന് ദിവസം മുന്‍പ് മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്ന നിര്‍ദേശം സി.ബി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാവും അനുമതി. നിരന്തര നിയമലംഘനം നടത്തുന്നതോ ജി.പി.എസ് ഇല്ലാത്തതോ ആയ ബസാണങ്കിലും ഒട്ടേറെ തവണ കേസുകളില്‍ പെട്ട ഡ്രൈവര്‍മാരാണങ്കിലും യാത്ര വിലക്കും.

ടൂറിസ്റ്റ് ബസുകള്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ഓരോ ബസുകളുടെയും നിരന്തര നിരീക്ഷണ ചുമതല ഓരോ ഉദ്യോഗസ്ഥരെയും ഏല്‍പ്പിക്കാനാണ് തീരുമാനം. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ നിയമലംഘനം പൂര്‍ണമായി ഒഴിവാക്കുന്നതില്‍ വിജയിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് പുതിയ നടപടി.

നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്.