സംസ്ഥാനത്തെ ദേശീയപാത വികസനം 2025-ഓടെ പൂര്‍ത്തിയാകും: മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയായെന്നും 2025ഓടെ ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില ജില്ലകളില്‍ ദേശീയ പാതാ വികസനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പത് ജില്ലകളില്‍ അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൊണ്ടായിരിക്കും ദേശീയപാതയിലെ നിര്‍മ്മാണമെന്നും മന്ത്രി ഉറപ്പ് നല്‍കി. കാസര്‍ഗോഡ് ജില്ലയിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.

കാസര്‍ഗോഡ് ജില്ലയിലെ ദേശീയ പാത നിര്‍മാണം 2024 മെയ് 15നുള്ളില്‍ പൂര്‍ത്തീകരിക്കും. കുമ്പളയിലെ മേല്‍പ്പാലം 2022 ഡിസംബറിലും കാസര്‍ഗോഡ് മേല്‍പ്പാലം 2023 അവസാനവും തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ദേശീയ പാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ ബി.എല്‍.മീണ, പ്രോജക്ട് ഡയറക്ടര്‍ പുനില്‍കുമാര്‍, എന്നിവരും മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നു
………