കരുവന്നൂർ പ്രശ്ന പരിഹാരം ഉൾപ്പെടെ പ്രധാന ചർച്ചകൾ; സംസ്ഥാന മന്ത്രി സഭായോഗം ഇന്ന്

സഹകരണമേഖലയിലെ തട്ടിപ്പ് അടക്കം നിരവധി വിവാദങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കരുവന്നൂർ പ്രതിസന്ധി അടക്കം സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം സംബന്ധിച്ച് സർക്കാർ നടപടികൾ യോഗം വിലയിരുത്തും. സഹകരണ വകുപ്പിലേയും കേരളാ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇടപാടുകാരുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കാനാണ് ആലോചന. സഹകരണ നിയമഭേദഗതി ബിൽ ഗവർണർ ഒപ്പിട്ട് വന്നാൽ മാത്രമെ സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം ഒഴിയുകയുള്ളു. ഈ സാഹചര്യമടക്കം നിലവിലെ സ്ഥിതി മന്ത്രിസഭാ യോഗം വിലയിരുത്തും. അതേ സമയം സഹകരണ സംഘം ഭാരവാഹികളുടെ ഓൺലൈൻ മീറ്റിംഗും ഇന്ന് നടക്കുന്നുണ്ട്.

റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കാൻ തീരുമാനമെടുക്കാനും സാധ്യതയുണ്ട്. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ ദീർഘ കാല കരാർ ആണ് സാങ്കേതിക പ്രശ്‍നം ഉന്നയിച്ചു കമ്മീഷൻ റദ്ദാക്കിയത്. ഇപ്പോൾ വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് അനുസരിച്ചു കമ്മീഷന് നിർദേശം നല്കാനാണ് ശ്രമം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കരാർ പുനസ്ഥാപിക്കാൻ നീക്കം തുടങ്ങുകയായിരുന്നു.