നിരോധനം കൊണ്ട് കാര്യമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: എം.വി ഗോവിന്ദന്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പാര്‍ട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയതക്കെതിരെയാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികരണം ആലോചിച്ച ശേഷം മാത്രമെന്ന് പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് നിരോധത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ട ഇടത്ത് നിര്‍ത്തണം. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെ വര്‍ഗീയത പടര്‍ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും അതുകൊണ്ട് തന്നെ ആര്‍എസ്എസിനെയും ഇത്തരത്തില്‍ നിരോധിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കൂടെ നിരോധിച്ച് കേന്ദ്രം. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് ഈ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. ഇനി സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമാകും.