എസ്.എസ്.എൽ.സി, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 21-നും 29-നും ഇടയ്ക്ക്: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലച്ചുപോയ എസ്എസ്എൽസി, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21-നും 29-നും ഇടക്ക് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13-ന് ആരംഭിക്കും. പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കായി ജൂണ്‍ 1 മുതല്‍ പ്രത്യേക പഠന പരിപാടി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. കൂടാതെ വെബ് വഴിയും മൊബൈല്‍ വഴിയും ഈ ക്ലാസുകള്‍ ലഭ്യമാക്കും. എന്നാല്‍ ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിക്ടേഴ്‌സ് ചാനല്‍ തങ്ങളുടെ ശ്യംഖലയില്‍ ഉണ്ടെന്ന് പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍മാരും ഡിടിഎച്ച് സേവനദാതാക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രൈമറി, അപ്പര്‍  പ്രൈമറി തലങ്ങളിലെ 81, 609 അദ്ധ്യാപകര്‍ക്ക് അദ്ധ്യാപക പരിശീലനം ഓണ്‍ലൈനായി ലോക്ക്ഡൗണിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കും. ഇത് കൂടാതെ പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്‌സ് ചാനലിലൂടെ നടത്തും. സമഗ്ര പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാകും. പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലെ അധ്യാപകര്‍ക്ക് മെയ് 14- ന് പരിശീലനം ആരംഭിക്കും.

ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ള ഉപകരണങ്ങളുടെ പരിപാലനം അധ്യാപകര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.