എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു

ഈ മാസം 17-ന്  തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പ്രകാരം പരീക്ഷകള്‍ ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് നടക്കുക. തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.

മാ‌ർച്ച് എട്ടാം തിയതിയാണ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ‌ർക്കാ‍ർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സംസ്ഥാനത്ത് ഒറ്റഘട്ടമായുള്ള വോട്ടെടുപ്പ് ഏപ്രില്‍ 6 നാണ് നടക്കുക.

ഹാള്‍ടിക്കറ്റ് വിതരണം ഈയാഴ്ച തുടങ്ങുമെന്നുമാണ് നേരത്തെ അറിയിച്ചിരുന്നത്. അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

അതേസമയം, മാതൃകാപരീക്ഷ ഉൾപ്പടെ നടത്തി തയ്യാറെടുപ്പുകൾ പൂ‍ർത്തിയാക്കിയ ശേഷം പരീക്ഷ മാറ്റേണ്ടന്നായിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും പ്രതിപക്ഷ അധ്യാപക സംഘടനകളുടെയും നിലപാട്.