സ്പ്രിംഗ്ലർ അഴിമതി; ജുഡുിഷ്യല്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല

കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന് നല്‍കിയതു സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം നിയമസഭയില്‍ ആവശ്യപ്പെട്ടതായും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടു പോലും കാറ്റിൽ പറത്തിയാണ് സ്പ്രിംഗ്ളർ ഇടപാട് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

കേരളത്തിലെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന് നല്‍കിയതു സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടു.

സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടു പോലും
കാറ്റിൽ പറത്തിയാണ് സ്പ്രിംഗ്ളർ ഇടപാട് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു ഇത്. ഈ തട്ടിപ്പിനു നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറായിരുന്നു.

ഓയിലിനേക്കാളും വില ഡാറ്റയ്ക്കുള്ള കാലമാണിത്. കേരളത്തിലെ രണ്ട് ലക്ഷത്തോളം ആളുകളുടെ ആരോഗ്യവിവരങ്ങള്‍ ഇന്ന് അമേരിക്കന്‍ കുത്തക കമ്പനിയായ സ്പ്രിംഗ്ലറുടെ കൈയിലാണ് . പാവപ്പെട്ട എന്‍ ആര്‍ ഐ സ്വന്തം അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ വേണ്ടി കേരള സർക്കാർ എടുക്കുന്ന നടപടിയില്‍ സന്തോഷിച്ച് അവരുടെ സേവനവും പ്ലാറ്റ്‌ഫോമും സോഫ്റ്റ് വെയറും നമുക്കു വേണ്ടി തരാമെന്നു പറഞ്ഞതില്‍ എന്ത് തെറ്റാണെന്നാണ് അന്ന് മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേരളത്തിലെ ചാനലുകളായ ചാനലുകളില്‍ മുഴുവൻ നടന്ന് ഇതിനെ ന്യായീകരിച്ച് പരിഹാസ്യനായി.

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഡാറ്റാ സുരക്ഷയെ സംബന്ധിച്ച് വ്യക്തമായ നിലപാടുണ്ട്. അത് മാനിഫെസ്റ്റോയില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കാബിനറ്റ് പോലും അറിയാതെ, എല്‍.ഡി.എഫ് അറിയാതെ കേരളത്തിലെ കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക്
ചോര്‍ത്തിക്കൊടുത്ത തെറ്റായ നടപടിയാണ് കേരളം കണ്ടത്. അന്ന് ഞങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ചപ്പോള്‍ പരിഹസിക്കാനാണ് സിപിഎം ശ്രമിച്ചത്. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട അഴിമതികളുടെ ചുരുളുകൾ ഒന്നൊന്നായി അഴിഞ്ഞു. ഇപ്പോഴും ഹൈക്കോടതിയില്‍ ഞാൻ കൊടുത്ത കേസ് നിലനില്‍ക്കുന്നുണ്ട്. കോടതി വ്യക്തമായ നിര്‍ദ്ദേശങ്ങൾ സർക്കാരിന് നൽകി. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് നിർദ്ദേശം നല്കി. സ്പ്രിംഗ്ലറില്ലാതെ കോവിഡിനെ നേരിടാനോ പ്രതിരോധിക്കാനോ കഴിയില്ലെന്ന സർക്കാർ വാദത്തിന്റെ പേരിലാണ് അന്ന് അത് തുടരാന്‍ കോടതി അനുവാദം കൊടുത്തത്. ഇതിനകം ഒന്നരലക്ഷത്തോളം ആളുകളുടെ ഡാറ്റ കമ്പനിയ്ക്ക് കിട്ടിയിരുന്നു. ഒരു ആരോഗ്യ ഡാറ്റയ്ക്ക് അമേരിക്കയിലെ വില എഴുപതിനായിരം ഇന്ത്യന്‍ രൂപയാണ്.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് എം. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റിയെ പിണറായി വിജയൻ സർക്കാർ വെച്ചത്. ആ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നല്‍കാൻ തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ ആ കോപ്പി എടുത്തു. സ്പ്രിംഗ്ലര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട കരാറിലെ പല വ്യവസ്ഥകളും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് അനുകൂലമല്ലെന്നും നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ കാണുന്നു. ഐ.ടി. വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പോലും അറിയാതെ സ്പ്രിംഗ്ലര്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടുവെന്ന കമ്മിറ്റിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. സ്വന്തം വകുപ്പില്‍ ഇത്രയും പ്രധാനപ്പെട്ട ഇടപാടു നടന്നിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് ഈ സ്ഥാനത്ത് തുടരാന്‍ എന്ത് അര്‍ഹതയാണുള്ളത് . ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച കാനം രാജേന്ദ്രനെ അഭിനന്ദിക്കുകയാണ്. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ സ്വന്തം
പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത നടപടിയില്‍ വെള്ളം ചേര്‍ത്തതിന് നാളെ ചരിത്രത്തോട് മാപ്പു പറയേണ്ടി വരും.

സ്പ്രിംഗളറുമായി ഇടപാടുണ്ടാക്കുമ്പോൾ നിയമ വകുപ്പുമായോ ധനകാര്യ വകുപ്പുമായോ കൂടിയാലോചിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറി പറഞ്ഞത് ഞങ്ങളോട് ചോദിച്ചില്ല എന്നാണ്. വഞ്ചനക്കേസില്‍ പ്രതിയായിരിക്കുന്ന കമ്പനിയാണ് സ്പ്രിംഗ്ളർ . ആ കമ്പനിയുമായി നടത്തിയ ഇടപാടുകള്‍ കണ്ടെത്തിയ എം. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല . ഇപ്പോള്‍ അതിന്റെ മുകളിൽ പുതിയൊരു കമ്മിറ്റിയെ വച്ചിരിക്കുകയാണ്.
സ്പ്രിംഗ്ളർ തട്ടിപ്പിൽ വേണ്ടത് സുതാര്യവും, സമഗ്രവുമായ ജുഡിഷ്യല്‍ അന്വേഷണമാണ്.