എകെജി വിവാദത്തില്‍ ബല്‍റാമിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍; 'എംഎല്‍എക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്; ഇക്കാര്യം അന്വേഷിക്കും'

എ.കെ ഗോപാലനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തിയ വി.ടി ബല്‍റാം എം.എല്‍.എയോട് വിശീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. വിടി ബല്‍റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കും. എന്നിട്ടായിരിക്കും വിശദീകരണം തേടുകയെന്നും ലോകകേരള സഭയുടെ കാര്യങ്ങള്‍ വിശദീകരിക്കാനായി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സ്പീക്കര്‍ പറഞ്ഞു.

എ.കെ.ജിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബല്‍റാമിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എയോട് സ്പീക്കര്‍ വിശദീകരണം തേടുന്നത്. എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഇടത് പ്രവര്‍ത്തകര്‍ വി.ടി. ബല്‍റാം എം.എല്‍.എയ്ക്ക് നേരെ ചീമുട്ടയെറിയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

ഇന്ന് രാവിലെയായിരുന്നു തൃത്താലയില്‍ വെച്ച് വി.ടി ബല്‍റാമിന് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും നടന്നത്. തൃത്താലയില്‍ സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം.

10:30 ഓടെ പൊലീസ് അകമ്പടിയില്‍ ആണ് ബല്‍റാം ഉദ്ഘാടനത്തിന് എത്തിയത്. എന്നാല്‍ 9:30 ഓടെ തന്നെ ഇടത് മുന്നണി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ബല്‍റാമിനെതിരെ മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവര്‍ത്തര്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറി ബല്‍റാമിന് നേരെ ചീമുട്ട വലിച്ചെറിയുകയായിരുന്നു.