തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ 52 വയസ്സുള്ള ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന്റെ അടുത്താണ് സംഭവം നടന്നത്.

മദ്യപിച്ചെത്തിയ ക്ലീറ്റസ് പിതാവ് ഏലിയാസുമായി വഴക്കുണ്ടാവുകയും മർദ്ദിക്കുകയുമായിരുന്നു. ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഏലിയാസിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഏലിയാസിന് കുത്തേറ്റിരുന്നുവെന്നും സംശയമുണ്ട്. മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു.