സോളാര്‍ കേസ്; കെ ബി ഗണേഷ് കുമാറിന്റെ മൊഴിയെടുത്ത് സിബിഐ

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മൊഴിയെടുത്തു. തിരുവനന്തപുരം പത്തനാപുരത്ത് വെച്ചാണ് ചോദ്യം ചോദ്യം ചെയ്യല്‍ നടന്നത്. കേസിലെ പ്രതികളായ ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പരാതിക്കാരിയുടെ പിന്നില്‍ ഗണേഷ് കുമാര്‍ ആണെന്ന് നേരത്തെ ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു. പരാതിക്കാരിയുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാര്‍ ആണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.

കേസില്‍ വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ സിബിഐ വിശദമായി ചോദ്യം ചെയ്‌തേക്കും. ഗണേഷിന്റെ പി എയെയും സിബിഐ ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ ഗണേഷിന്റെ മുന്‍ പി എ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം സോളാര്‍ കേസില്‍ കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എം പിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. ഹൈബി ഈഡന്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. ആറ് മാസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഹൈബി ഈഡന്‍ അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.