കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക ഉയര്‍ന്നു; സുരക്ഷ വീഴ്ചയെന്ന് ആരോപണം; പരിശോധനകള്‍ പൂര്‍ത്തിയാക്കും കെട്ടിടത്തിലേക്ക് രോഗികളെ മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷ വീഴ്ചയെന്ന് ആക്ഷേപം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകളടക്കം പ്രവര്‍ത്തിക്കുന്ന ആറാം നിലയില്‍ നിന്ന് വീണ്ടും പുക ഉയര്‍ന്നതോടെ രോഗികളെ വീണ്ടും കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്.

എന്നാല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കും മുന്‍പ് കെട്ടിടത്തിലേക്ക് രോഗികളെ മാറ്റിയതെന്തിനെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായും നിര്‍മാണത്തിലടക്കം അപാകതയുണ്ടെന്നും ആരോപിച്ച് എംകെ രാഘവന്‍ എംപി പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

സുരക്ഷ പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും രോഗികള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പരിഭ്രാന്തി പടര്‍ന്നിരുന്നു. പിന്നാലെ രോഗികളെ സുരക്ഷിതരായി പുറത്തെത്തിക്കുകയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന പൂര്‍ത്തിയാകുന്നതിന് മുന്‍പ് എന്തിന് രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. പരിശോധന പൂര്‍ത്തിയായശേഷം മാത്രമേ രോഗികളെ മാറ്റൂവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞപ്പോള്‍ രോഗികളെ മാറ്റിയതായി സൂപ്രണ്ടിന്റെ അറിയിപ്പ് എത്തി.

ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും പരസ്പര വിരുദ്ധമായി മറുപടി പറയുന്നത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. പരിശോധനയ്ക്കിടെയാണ് പുക ഉയര്‍ന്നത് എന്ന വാദത്തിലും സംശയമുണ്ടെന്നും അങ്ങനെയെങ്കില്‍ ബെഡ് ഉള്‍പ്പെടെ ആശുപത്രി ഉപകരണങ്ങള്‍ എങ്ങനെ കത്തി നശിച്ചുവെന്നുമുള്ള ചോദ്യവും ഉയരുന്നുണ്ട്.

Read more

ഇന്ന് ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. തീപിടിച്ച് ഒരു തിയറ്റര്‍ ബെഡ് കത്തിനശിച്ചു. വീണ്ടും പുക ഉയര്‍ന്ന സംഭവത്തിന് പിന്നാലെ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധവുമായി മുസ്ലീം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.