സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം; സമൂഹ മാധ്യമങ്ങളില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വെച്ച് വ്യാജ വീഡിയോ, ഉപയോഗിച്ചത് മാധ്യമപ്രവര്‍ത്തകര്‍  കാണാനെത്തിയ ദൃശ്യങ്ങള്‍

കന്യാസ്ത്രീ സമരത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണമെന്ന പരാതി. പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തരത്തില്‍ മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം.

മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുകയാണ്. ഇതു സംബന്ധിച്ച് പൊലീസിന് പരാതി നല്‍കുമെന്നും  സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു. കന്യാസ്ത്രീ സമരവുമായി ബന്ധപ്പെട്ട് വാര്‍ത്തയെടുക്കാന്‍ മഠത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യം വെച്ച് സിസ്റ്റര്‍ക്ക് മറ്റു ബന്ധം ഉണ്ടെന്ന് പ്രചരിപ്പിക്കാനായിരുന്നു ശ്രമം. സിസ്റ്ററെ കാണാന്‍ അടുക്കള വാതിലിലൂടെ പുരുഷന്മാര്‍ കയറുന്നു എന്ന രീതിയിലാണ് വീഡിയോയിലെ പ്രചാരണം. മാധ്യമ പ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ മാത്രം മുറിച്ചെടുത്ത് തയ്യാറാക്കിയ വീഡിയോ വന്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമായ വൈദികന്‍ നോബിള്‍ തോമസ് പാറയ്ക്കലാണ് വീഡിയോയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനെതിരെ ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് സി. ലൂസി കളപ്പുര പ്രതികരിച്ചു.

തനിക്കെതിരേ നവമാധ്യമങ്ങളിലൂടെ അപമാനിക്കാനും ശ്രമം നടക്കുയാണെന്നും ഒരു കന്യാസ്ത്രീയായ തനിക്കെതിരെ ഇതാണ് പെരുമാറ്റമെങ്കില്‍ സാധാരണ സ്ത്രീകള്‍ക്കെതിരെ എന്തായിരിക്കും ഇവരുടെ സ്വഭാവമെന്നും സിസ്റ്റര്‍ ചോദിച്ചു. ഇത് സ്ത്രീത്വത്തിനെതിരെയുള്ള അപമാനമാണെന്നും കേരളത്തിലെ ഒരു സ്ത്രീയ്ക്കും ഇതുപോലെയുള്ള സംഭവം ഉണ്ടാകാന്‍ പാടില്ലെന്നും സി. ലൂസി കളപ്പുര പറഞ്ഞു.

മഠത്തില്‍ പൂട്ടിയിടുക, സമൂഹ് മാധ്യമങ്ങളിലും മറ്റും കരിതേച്ച് കാണിച്ച് ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കുക തുടങ്ങി അനേകം പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സിസ്റ്റര്‍ ലൂസിക്ക് സുരക്ഷിതത്വം നല്‍കണമെന്ന് ബന്ധുക്കളും പ്രതികരിച്ചു. സിസ്റ്ററിന് ആരുമില്ലെന്ന് തോന്നല്‍ ആര്‍ക്കും വേണ്ടെന്നും തങ്ങള്‍ ഉള്‍പ്പെടെ ഒരു വലിയ സമൂഹം സിസ്റ്ററിനൊപ്പമുണ്ടെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീമാര്‍ക്ക് പിന്തുണ നല്‍കിയതിന് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി സന്യാസ സഭയില്‍ നിന്നും പുറത്താക്കിയത് മെയ് 11- നാണ്. വിരുദ്ധ നടപടികള്‍ എടുക്കുന്നു എന്നായിരുന്നു നടപടിക്ക് പറഞ്ഞ ന്യായീകരണം.

പുറത്താക്കി എഫ്സിസി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും സിസ്റ്റര്‍ ലൂസി മാനന്തവാടിയിലെ മഠം വിട്ടിട്ടില്ല. എത്രയും വേഗം മഠം വിട്ടു പോകാന്‍ നിര്‍ദേശിച്ച അധികൃതര്‍ ഇവര്‍ പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചു കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് മാതാവിന് കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍ പുറത്താക്കലിനെതിരെ സിസ്റ്റര്‍ ലൂസി വത്തിക്കാന് അപ്പീല്‍ സമര്‍പ്പിച്ചതോടെ നടപടികള്‍ സഭ നിര്‍ത്തി വെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ മഠത്തിന് സമീപമുള്ള പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് തടയാന്‍ സിസ്റ്ററെ ഉള്ളിലാക്കി മഠം പുറത്തു നിന്നും പൂട്ടി മറ്റുള്ളവര്‍ പോയിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുര പിന്നീട് പൊലീസിനെ വിളിച്ചു വരുത്തുകയും അവര്‍ പള്ളിയില്‍ ചെന്ന് മറ്റുള്ളവരെ വിളിച്ചു വരുത്തി തുറപ്പിക്കുകയും ചെയ്തു. താന്‍ മഠത്തില്‍ ശാരീരിക മാനസിക പീഡനത്തിന് ഇരയാകുന്നതായി ലൂസി കളപ്പുര ആരോപിച്ചിരുന്നു. ഭക്ഷണം പോലും തനിക്ക് നല്‍കാതെ പട്ടിണിക്കിടുകയാണ് എന്നായിരുന്നു ആരോപണം.