മലപ്പുറം ജില്ലയില്‍ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹര്‍ത്താല്‍ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതിക്രമങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയവരടക്കമാണ് അറസ്റ്റിലായത്. പുലര്‍ച്ചെ മലപ്പുറം ജില്ലയില്‍ 18 ഇടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി.

അതിനിടെ, പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. ഇനി സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമാകും.  രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാം.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ മുസ്ലീം ലീഗ് സ്വാഗതം ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിം സമുദായത്തിനെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞു. നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും പുതിയ തലമുറയെ ഇത്തരം സംഘടനകള്‍ വഴി തെറ്റിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാളെടുക്കണമെന്ന് പറയുന്നവര്‍ ഏത് ഇസ്ലാമിന്റെ ആളുകളാണെന്നും ഇത്തരക്കാരെ സമുദായക്കാര്‍ തന്നെ നേരിടേണ്ടതുണ്ടെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.