'വത്തിക്കാന്റെ ഭാഗത്ത് നിന്നും ഏകപക്ഷീയമായ തീരുമാനമാണുണ്ടായത്'; മഠത്തില്‍ തന്നെ തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര

എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കാനുള്ള വത്തിക്കാന്റെ തീരുമാനത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ ഭാഗം കേൾക്കാൻ  തയ്യാറായില്ലെന്നും വത്തിക്കാന്റെ ഭാഗത്തു നിന്നും ഏകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്നും സിസ്റ്റര്‍ പ്രതികരിച്ചു. മഠത്തിൽ നിൽക്കാൻ അവകാശമുണ്ടെന്നും മഠത്തില്‍ തന്നെ തുടരുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസിയുടെ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളിയത്.  സന്യാസിസമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. ഇത് തന്റെ ഭാഗം കേള്‍ക്കാതെയാണ് എന്നാണ് സിസ്റ്റര്‍ പറയുന്നത്. ഒരു ഏകാംഗ കമ്മീഷനെ പോലും വെച്ചില്ല. ഫോണ്‍ വഴി പോലും തനിക്ക് പറയാനുള്ളത് എന്താണ് എന്ന് കേട്ടില്ല. ഇവിടെയുള്ള സഭയുടെ അധികാരികള്‍ നല്‍കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചാണ് ഇത്തരത്തില്‍ പുറത്താക്കാനുള്ള നടപടിക്ക് ഇപ്പോള്‍ വത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത്.

പക്ഷേ, ഒരു കാരണവശാലും താനിപ്പോള്‍ നില്‍ക്കുന്ന വയനാട്ടിലെ മഠത്തില്‍ നിന്ന് പുറത്തു പോകാന്‍ തയ്യാറല്ല. അത് ഏത് ശക്തി വിചാരിച്ചാലും തന്നെ ഇവിടെ നിന്ന് മാറ്റാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് ഇപ്പോള്‍ സിസ്റ്റര്‍ ലൂസി എടുത്തിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയെ വിശ്വസിച്ചു കൊണ്ട് കോടതിയെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.