ബഹുമാനമൊന്നുമില്ലെങ്കിലും ബഹു. മന്ത്രിയെന്നു വിളിക്കാം എന്ന പരിഹാസവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ലഹരിക്കെതിരെ സംഘടിപ്പിച്ച സമൂഹ നടത്തം ഉദ്ഘാടനം ചെയ്യവേയാണ് ടി. പത്മനാഭന്റെ പരാമർശം. മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ‘ബഹു’ എന്ന് ചേർക്കണമെന്ന സർക്കുലർ നേരത്തെ സർക്കാർ പുറത്തിറക്കിയിരുന്നു.
കണ്ണൂർ പൊലീസിൻ്റെ ഇടികൊണ്ട് മരിക്കാൻ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ‘ബഹുമാനപ്പെട്ട’ എന്നു വിശേഷിപ്പിക്കുന്നുവെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ പറഞ്ഞു. ഏതു മന്ത്രിയേയും ബഹുമാനപ്പെട്ട എന്ന് വിശേഷിപ്പിച്ചേ പറ്റുവെന്ന് നിയമം പാസാക്കിയിട്ടുണ്ട്. ഇല്ലെങ്കിൽ നമ്മൾ ജയിലിൽ പോകേണ്ടി വരും. 97 ന്റെ പടിവാതിൽക്കലാണ് ഞാൻ നിൽക്കുന്നത്. ജയിലിലേക്ക് പോകുന്നതിന് മുൻപു തന്നെ പൊലീസുകാർ ശരിപ്പെടുത്തും.
ഒറ്റയടിക്ക് തന്നെ മരിച്ചു പോകും. അതിന് ഇടവരുത്താതിരിക്കാനാണ് നോക്കുന്നത്. സത്യത്തിൽ ബഹുമാനമൊന്നുമില്ല. പക്ഷേ നിയമം അനുശാസിക്കുന്നതുകൊണ്ട് ബഹുമാനപ്പെട്ട എന്നു വിളിക്കുന്നു. അതിനാൽ ബഹുമാനപ്പെട്ട എക്സൈസ് മന്ത്രിയോട് അത്യന്തം വിനീതമായി അപേക്ഷിക്കുകയാണ്. ദയവായി എലപ്പുള്ളിയിൽ ബ്രൂവറി സ്‌ഥാപിക്കുന്നതിൽ നിന്ന് പിൻവലിയണം. ലഹരി ചെറുതോ വലുതോ എന്നൊന്നുമില്ലെന്നും ഒരു തവണ ഉപയോഗിച്ചാൽ പോലും അടിമയാകും എന്നും ടി.പത്മനാഭൻ പറഞ്ഞു.
അതേസമയം കള്ളു മുതൽ എല്ലാ ലഹരി വസ്‌തുക്കളും നിഷിദ്ധമാണെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു. എന്നാൽ സർക്കാരിൻ്റെ ഏറ്റവും വലിയ വരുമാനം ലഹരി വസ്‌തുക്കൾ വിറ്റിട്ടാണെന്നും ടി. പത്മനാഭൻ പറഞ്ഞു. പാലക്കാട് ബ്രൂവറി സ്‌ഥാപിക്കാൻ പോകുന്ന ഒയാസിസ് കമ്പനിയെ പല സംസ്‌ഥാനങ്ങളിലും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. കമ്പനി വന്നാൽ മറ്റേ കുടിക്കുള്ളവർക്ക് വെള്ളം കിട്ടും. എന്നാൽ അല്ലാത്തവർക്ക് വെള്ളം കിട്ടാത്ത സാഹചര്യമുണ്ടാകും. കക്ഷി ഭേദമന്യേ എലപ്പുള്ളിയിലെ ജനങ്ങൾ സമരം ചെയ്തുവെന്നും ടി. പത്മനാഭൻ പറഞ്ഞു.







