സില്‍വര്‍ലൈന്‍ പ്രതിഷേധം; സ്ത്രീകളെ വലിച്ചിഴച്ച് പൊലീസ്, മാടപ്പള്ളിയില്‍ സമരക്കാര്‍ക്ക് നേരെ അതിക്രമം

കോട്ടയം ജില്ലയിലെ മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കല്ലിടാനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പ്രതിഷഏധക്കാര്‍ വാഹനത്തിന്റെ കല്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസിനൊപ്പം കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയതോടെ സംഘര്‍ഷം രൂക്ഷമായി.

പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിവീശി. ആത്മഹത്യാ ഭീഷണി മുഴക്കി കയ്യില്‍ മണ്ണെണ്ണയുമായി എത്തിയ സ്ത്രീകള്‍ക്ക് നേരെയായിരുന്നു പൊലീസിന്റെ അതിക്രമം. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ നീക്കുന്നത്. പ്രതിഷേധക്കാരുടെ കുട്ടികള്‍ അടക്കം സംഭവത്തിനിടയില്‍ ഉണ്ടായിരുന്നു.

രണ്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതിഷേധിക്കുന്ന അമ്മമാരെ ബലം പ്രയോഗിച്ച് പൊലീസ് നിലത്ത് വലിച്ചിഴക്കുകയാണ്. ജോസഫ് എം പുതപശ്ശേരി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. സ്ത്രീകളെയടക്കം നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നും പൊലീസ് പറഞ്ഞു.

ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. രാവിലെ 9 മണിക്കാണ് പ്രതിഷേധം തുടങ്ങിയത്. ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് എത്രയും വേഗം മടങ്ങിപ്പോകണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.