എസ്.ഐക്ക് വധഭീഷണി; മംഗലപുരം എ.എസ്.ഐ അറസ്റ്റില്‍

സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയെ ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയ കേസില്‍ സസ്പെന്‍ഷനിലുള്ള മംഗലപുരം എഎസ്ഐ ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജയനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഗുണ്ടാ മണല്‍ മാഫിയാ ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജയന്‍.

സസ്‌പെന്‍ഷനിലായ ജയന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ തെറി വിളിച്ച ജയന്‍ വീട്ടില്‍ കയറി വെട്ടുമെന്നും ഭീഷണിമുഴക്കി.

സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതെന്ന് ആരോപിച്ചായിരുന്നു ജയന്റെ വധഭീഷണി. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഗുണ്ടാ മണല്‍ മാഫിയാ ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം സ്റ്റേഷനില്‍ കൂട്ട സ്ഥലം മാറ്റം നടത്തിയിരുന്നു. അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത റൂറല്‍ എസ് പി ഡി ശില്‍പ 24 പൊലീസുകാരെ സ്ഥലം മാറ്റി.

ഗോപകുമാര്‍, അനൂപ് കുമാര്‍, ജയന്‍, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 24 പേരെയും മാറ്റിയത്. പകരം മറ്റ് സ്റ്റേഷനിലെ 29 പൊലീസുകാരെ മംഗലപുരം സ്റ്റേഷനിലേക്കും മാറ്റി.