'ഹരീഷ് വാസുദേവനൊക്കെ പാകിസ്ഥാനിലേക്ക് വിടേണ്ടവരാണ്'; സി.എ.എ പ്രതിഷേധക്കാര്‍ക്ക് എതിരെ ടി. പി സെന്‍കുമാര്‍

അഡ്വ ഹരീഷ് വാസുദേവനെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ടി.പി സെന്‍കുമാര്‍. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്ഥാനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണെന്ന് സെന്‍കുമാര്‍ പാലക്കാട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലാണ് പ്രകോപനപരമായ പ്രസംഗം. നിരന്തരം ചാനല്‍ ചര്‍ച്ചയിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ഹരീഷ് സി.എ.എക്കെതിരെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബി.ജെ.പി പക്ഷം പിടിച്ച് സംസാരിച്ച ഗവര്‍ണറെ പോലും ഹരീഷ് ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ചിരുന്നു. ഈ അവസരത്തിലാണ് മുന്‍ ഡി.ജി.പി കൂടിയായ സെന്‍കുമാറിന്റെ പ്രകോപന പ്രസംഗം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍ഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നതെന്നും സെന്‍കുമാര്‍ കൂട്ടിചേര്‍ത്തു.