മോദിയെ ഇല്ലാതാക്കാന്‍ ആസൂത്രണം ചെയ്തതിന്റെ ബുദ്ധികേന്ദ്രം അറിഞ്ഞപ്പോള്‍ ഞെട്ടി: എം.ടി രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാന്‍ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നല്‍കി ചാവേറുകളെ പരിപാടിയിലേക്ക് അയച്ചതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോടാണെന്ന വിവരം ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ സര്‍ക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ത്താലിനു സഹായം നല്‍കിയത് സംസ്ഥാനത്തെ ഭരണം കയ്യാളുന്നവര്‍ തന്നെയാണെന്നും രമേശ് കുറ്റപ്പെടുത്തി.

അന്വേഷണത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത്. എന്നാല്‍ കേരളത്തിലൊഴികെ മറ്റൊരു സ്ഥലത്തും ഹര്‍ത്താലോ അക്രമ സംഭവങ്ങളോ ഉണ്ടായിട്ടില്ല. കേരളത്തില്‍ ഹര്‍ത്താലിനു സഹായം നല്‍കിയത് സംസ്ഥാനത്തെ ഭരണം കയ്യാളുന്നവര്‍ തന്നെയാണ്. ഹര്‍ത്താലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹര്‍ത്താലിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മുന്‍പില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഉത്തരം നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും രമേശ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇഡി രംഗത്തുവന്നിരുന്നു.  ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈയില്‍ ബീഹാറില്‍ നടന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ നീക്കം നടത്തി എന്നാണ് ഇഡി പറയുന്നത്.

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി എന്‍ഐഎ  പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന പരാമര്‍ശവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.