മത്സ്യബന്ധന വള്ളത്തിലിടിച്ച് കപ്പല്‍; അപകടം സംഭവിച്ചതറിഞ്ഞിട്ടും നിറുത്താതെ പോയതായി പരാതി

മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ കപ്പലിടിച്ചിട്ടും നിറുത്താതെ പോയതായി പരാതി. അപകടത്തില്‍ പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പൊന്നാനി തീരത്ത് നിന്നും അഞ്ച് ദിവസം മുന്‍പ് മത്സ്യ ബന്ധനത്തിന് പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

പുറത്തൂര്‍ പടിഞ്ഞാറേക്കര സ്വദേശി കളരിക്കല്‍ പ്രജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട കടല്‍ സ്റ്റാര്‍ വള്ളം. വള്ളത്തിലുണ്ടായിരുന്ന താനൂര്‍ സ്വദേശികളായ മംഗലത്ത് വിനോദ്, കെപി അലി, തണ്ടാശേരി സ്വദേശി കുമാര്‍ തിരുവനന്തപുരം സ്വദേശി ലോറന്‍സ്, ചാള്‍സ് എന്നിവര്‍ കപ്പലിടിച്ചതിന്റെ ആഘാതത്തില്‍ കടലിലേക്ക് തെറിച്ച് വീണിരുന്നു.

Read more

ഇളം പച്ച നിറത്തിലുള്ള കപ്പലാണ് വള്ളത്തില്‍ ഇടിച്ചതെന്നും. അപകടം സംഭവിച്ചെന്ന് മനസിലാക്കിയിട്ടും കപ്പല്‍ നിറുത്താതെ പോയെന്നുമാണ് പരാതി. പൊന്നാനിയില്‍ നിന്ന് 55 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പൊന്നാനി തീരദേശ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.