ലീഗ്- ക്രൈസ്തവ - എന്‍.എസ്.എസ് പിന്തുണയോടെ തരൂര്‍ ലക്ഷ്യമിടുന്നത് യു.ഡി.എഫ് പുനഃസംഘടന, മന്നം ജയന്തി സമ്മേളനം ശ്രദ്ധാകേന്ദ്രം

നാളെ മന്നം ജയന്തി സമ്മേളനത്തിന് ഉദ്ഘാടനകനായി ഡോ. ശശി തരൂര്‍ എത്തുമ്പോള്‍ അത് യു ഡി എഫിന്റെ രാഷ്ട്രീയ പുനസംഘടനക്കുള്ള നാന്ദികുറിക്കലാകുമെന്നാണ് സൂചനകള്‍. എന്‍ എസ് എസ്- മുസ്‌ളീംലീഗ് – ക്രൈസ്തവ സഭകള്‍ എന്നിവയുടെ ശക്തമായ പിന്തുണയോടെ യു ഡി എഫിനെ പുനസംഘടിപ്പിക്കാനുളള ദൗത്യം ശശി തരൂര്‍ ഏറ്റെടുക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഒറ്റു നോക്കുന്നത്.

എക്കാലത്തും യു ഡി എഫിന് രാഷ്ട്രീയമായി കരുത്ത് പകര്‍ന്ന എന്‍ എസ് എസും ക്രൈസ്തവ സഭകളും മുസ്‌ളീം ലീഗും ഇപ്പോഴത്തെ യു ഡി എഫ് നേതൃത്വത്തോട് വിമുഖതയുളളവരാണ്. മുസ്‌ളീം ലീഗാകട്ടെ ഇടതു മുന്നണിയിലേക്ക പോകണമോ എന്ന കാര്യം പലതവണ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. നിലവിലെ നേതൃത്വമാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെങ്കില്‍ അടുത്ത തവണയും ഭരണത്തിലെത്തില്ലന്ന വ്യക്തമായ സൂചനകളാണ് ലീഗ് നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ പുതിയ നേതൃത്വം കോണ്‍ഗ്രസിന് ഉണ്ടാകണമെന്ന ആഗ്രഹം ലീഗീനുണ്ട്.

കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവനയുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് ലീഗ് നേതൃത്വം ഇതുവരെ മോചിതരായിട്ടില്ല്. മുസ്‌ളീം ലീഗ് നേതൃത്വമാകെ തന്നെ ഇക്കാര്യത്തില്‍ വലിയ ആശങ്കയിലായിരുന്നു. ലീഗ് അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ നേതൃത്വം നന്നെ ബുദ്ധിമുട്ടി. ഈ നിലയില്‍ യു ഡി എഫില്‍ തുടരുന്നതിന് അര്‍ത്ഥമില്ലന്ന നിലപാടില്‍ വരെ ഒരു സമയത്ത് മുസ്‌ളീം ലീഗ് നേതൃത്വം എത്തിച്ചേര്‍ന്നിരുന്നു. അപ്പോഴാണ് യു ഡി എഫില്‍ പിടിച്ചു നില്‍ക്കാനുള്ള അവസാനത്ത വഴിയെന്ന നിലയില്‍ ശശി തരൂരിനെ പിന്തുണക്കാനും ലീഗ് തിരുമാനിച്ചത്.

എക്കാലത്തും യുഡി എഫിന് ശക്തമായ രാഷ്ട്രീയാടിത്തറയായി നിന്നിരുന്ന ക്രൈസ്തവ സഭകളാകട്ടെ യു ഡി എഫില്‍ നിന്ന് ഇടക്കാലത്തേക്കാണെങ്കിലും പിണറായിയും സി പി എമ്മുമായി യോജിക്കാന്‍ ഇതുവരെ തെയ്യാറായിട്ടില്ല. ഇടതു മുന്നണിയിലേക്ക് പോയ ജോസ് കെ മാണിയോട് അവിടുത്തെ പൊറുതി മതിയാക്കാന്‍ വരെ സഭാ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ശശി തരൂരിനെപ്പോലൊരാള്‍ യു ഡിഎഫിനെ നയിക്കാനെത്തിയാല്‍ കൈ മെയ് മറന്ന് സഭാ നേതൃത്വം കൂടെ നില്‍ക്കും. വി ഡി സതീശനും, കെ സുധാകരനും നേതൃത്വം നല്‍കുന്ന നിലവിലെ യു ഡി എഫ് സംവിധാനത്തോട് ക്രൈസ്തവ സഭകള്‍ക്ക് പൊതുവെയും, കത്തോലിക്കാ സഭക്ക് പ്രത്യേകിച്ചും വലിയതാല്‍പര്യം ഇല്ല. ശശി തരൂര്‍ നേതൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ യുഡി എഫിനെ പൂര്‍ണ്ണമായും പിന്തുണക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് കത്തോലിക്കാ സഭ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ എടുത്ത രാഷ്ട്രീയ നിലപാട് ഫലത്തില്‍ പിണറായിക്കും സി പി എമ്മിനും അനുകൂലമായി വന്നുവെന്നും സഭക്ക് നന്നായി അറിയാം.

എന്‍ എസ് എസ് ആണെങ്കില്‍ നേരത്തെ തന്നെ വി ഡി സതീശനെ ശത്രു പക്ഷത്ത് നിര്‍ത്തിയാണ് നീങ്ങുന്നത്. ഇപ്പോഴത്തെ കോണ്‍ഗ്രസ്- യുഡി എഫ് നേതൃത്വത്തിന് തങ്ങള്‍ പൂര്‍ണ്ണമായും എതിരാണെന്ന് എന്‍ എസ് എസ് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കെ കരുണാകരന് ശേഷം രമേശ് ചെന്നിത്തലയോട് മാത്രമേ എന്‍ എസ് എസ് നേതൃത്വം അനുഭാവം കാണിച്ചിട്ടുള്ളു. ഉമ്മന്‍ചാണ്ടിയുമായും എന്‍ എസ് എസുമായി നല്ല ബന്ധത്തില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നേതൃത്വം തങ്ങളെ അപമാനിക്കുകയാണെന്ന നിലപാടാണ് ജി സുകുമാരന്‍ നായര്‍ക്കുള്ളത്.

ആദ്യം ശശി തരൂരിനോട് കടുത്ത എതിര്‍പ്പ് തന്നെ എന്‍ എസ് എസ് നേതൃത്വത്തിനുണ്ടായിരുന്നു. അങ്ങിനെയാണ് ഡല്‍ഹിനായര്‍ പ്രയോഗമൊക്കെ അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നത്. എന്നാല്‍ അതെല്ലാം പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ ജി സുകമാരന്‍ നായര്‍ക്ക് കഴിഞ്ഞു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ഘടകം ഇപ്പോഴത്തെ നേതൃത്വത്തോട് എന്‍ എസ് എസിനുള്ള നയപരമായ വിയോജിപ്പായിരുന്നു.

1982 ല്‍ യു ഡി എഫ് രൂപീകരിച്ചത് മുസ്ലീം ലീഗിന്റെയും കത്തോലിക്കാ സഭയുടെ പിന്തുണയോടെയുള്ള കേരളാ കോണ്‍ഗ്രസ് മാണി- ജോസഫ് ഗ്രൂപ്പുകളുടെയും എന്‍ എസ് എസിന്റെ പിന്തുണയുള്ള എന്‍ ഡി പിയുടെയും സഹായത്തോടെയായിരുന്നു. പിന്നീട് എന്‍ ഡി പി യില്ലാതെയായെങ്കിലും എന്‍ എസ് എസ് ന്റെ എക്കാലത്തെയും രാഷ്ട്രീയ പിന്തുണ യു ഡി എഫിന് തന്നെയായിരുന്നു. ഈ മുന്ന് വിഭാഗങ്ങളും ശശി തരൂരിന് പിന്നില്‍ ഒരുമിച്ചാല്‍ അതിലൂടെ യു ഡി എഫിന്റെ രാഷ്ട്രീയ പുനസംഘടനയായിരിക്കും ഉണ്ടാവുക എന്ന വ്യക്തം. അങ്ങിനെയുണ്ടാകുന്ന നവീകരിക്കപ്പെട്ട യുഡി എഫിന്റെ നേതൃത്വം തരൂരിന് ലഭിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെയാരും ഉണ്ടാകാന്‍ പോകുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.