ജോളിയെ തള്ളി ഷാജു; സിലി മരിക്കുന്നതിന് മുമ്പും താത്പര്യം കാട്ടിയിരുന്നു, വിവാഹത്തിന് മുന്‍കൈയംടുത്തതും ജോളി

കൂടത്തായി മരണപരമ്പരയില്‍ ജോളിയെ തള്ളി ഭര്‍ത്താവ് ഷാജു. വിവാഹത്തിന് മുന്‍കൈയെടുത്തത് ജോളിയാണെന്നും തന്നെ രണ്ടാം വിവാഹത്തിലേക്ക് കുടുക്കുകയായിരുന്നെന്നും മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാജു വെളിപ്പെടുത്തി. സംഭവത്തില്‍ ജോളിയുടെ മകന്‍ റെമോയും മരിച്ച റോയിയുടെ സഹോദരി റഞ്ചിയുടേയും വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ഷാജുവും രംഗത്ത് വന്നിരിക്കുന്നത്.

സിലി മരിച്ച് രണ്ടു മാസം തികയും മുമ്പ് ഒരു ദിവസം ജോളി അത്യാവശ്യം പറയാനുണ്ടെന്ന വിളിച്ചു. വീട്ടിലെത്തിയപ്പോള്‍ വിവാഹക്കാര്യം പറഞ്ഞു. എന്നാല്‍ വിസമ്മതം പ്രകടിപ്പിച്ച ഷാജുവിനോട് ആറുമാസം കഴിഞ്ഞു മതി വിവാഹമെന്ന് പറഞ്ഞു. അപ്പോഴും നിഷേധിച്ചപ്പോള്‍ പിന്നീട് പലപ്പോഴായി വിവാഹത്തിന് നിര്‍ബ്ബന്ധിക്കുകയും ഇരുവരുടെയും മക്കള്‍ക്ക് തുണയാകുമെന്നും സിലിയുടെ സഹോദരനും ബന്ധുക്കള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധിക്കുന്നതായും പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ ആലോചിക്കാമെന്ന് ഷാജു മറുപടിയും നല്‍കി. ഇങ്ങിനെയായിരുന്നു രണ്ടു പേരുടെയും രണ്ടാം വിവാഹം നടന്നത്.

സിലി മരിക്കുന്നതിന് മുമ്പും ഷാജുവുമായി അടുപ്പമുണ്ടാക്കാന്‍ ജോളി ശ്രമിച്ചു. ഇതില്‍ താന്‍ അസ്വസ്ഥനായിരുന്നു. പനമരത്ത് ഒരു ബന്ധുവിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ജോളിയുമായി ഒരുമിച്ച് കാറില്‍ യാത്ര ചെയ്തു. ഈ വിവാഹത്തിന് സിലി വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ജോളിയുടെ കാറിലാണ് അന്ന് യാത്ര ചെയ്തത്. ഈ അവസരത്തില്‍ ജോളി അടുപ്പം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നതായി തോന്നി. വിവാഹ സല്‍ക്കാരത്തിന് ജോളിയോടൊപ്പമാണ് ആഹാരം കഴിച്ചത്. ചിലര്‍ ഭാര്യയാണോയെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഒരുമിച്ചിരുന്നത് കേവലം യാദൃച്ഛികം എന്നാണ് താന്‍ വിചാരിച്ചത്. എന്നാല്‍ അവസരം ജോളി മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് ഇപ്പോള്‍ തോന്നുന്നതായും പറഞ്ഞു.

സിലി മരിച്ചപ്പോള്‍ മൃതദേഹം ചുംബിച്ചപ്പോഴും ജോളി ഇതുപോലെ ഒരു കാര്യം ചെയ്തു. താന്‍ മൃതദേഹത്തിന്റെ നെറ്റിമേല്‍ ചുംബിച്ചപ്പോള്‍ തന്റെ ശിരസില്‍ മുട്ടുന്ന രീതിയില്‍ ജോളിയും തൊട്ടുപിന്നാലെ മൃതദേഹത്തില്‍ ചുംബിച്ചു. തനിക്ക് ഇത് അരോചകമായി തോന്നി.  അസ്വസ്ഥതയും  ഉണ്ടാക്കി. തങ്ങള്‍ അടുപ്പത്തിലാണ് എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നന്ന രീതിയിലായിരുന്നു പെരുമാറ്റം. ഈ ദൃശ്യങ്ങളെല്ലാം അന്ന് പകര്‍ത്തിയ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ഫോട്ടോ മാത്രം ആല്‍ബത്തില്‍ വരരുതെന്ന് ക്യാമറാമാനോട് പറഞ്ഞിരുന്നതായും ഷാജു പറയുന്നു.

ജോളിയുടെ മകന്റെ ആരോപണം തന്നെയും കൊലപാതകത്തില്‍ പങ്കാളിയാക്കാന്‍ ശ്രമിക്കുന്ന രീതിയിലാണ്. ജോളിയുടെയും മകന്റെയും ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതില്‍ ദുഃഖമുണ്ടെന്നും ഷാജു പറഞ്ഞു. ജോളി എന്‍ഐടിയിലെ അധ്യാപിക അല്ലെന്ന കാര്യം ക്രെെംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും പറഞ്ഞു.