കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗിയ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പ്പോർട്ടിൽ പറയുന്നു. അതേസമയം കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിൻ്റെ പലഭാഗത്തും ഇത്തരം പ്രശ്‌നങ്ങൾ ഉടലെടുത്തുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കരുനാഗപ്പള്ളിയിൽ വ്യക്തി താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ചേരിപ്പോരും മത്സരവും നടന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. പാർട്ടി ജില്ലാ സംസ്ഥാന സെക്രട്ടറിമാർ ഇടപെട്ടിട്ടും സ്ഥാപിത താൽപര്യങ്ങളുമായി മുന്നോട്ട് പോയി. പാർട്ടിയുടെ വാക്കിന് യാതൊരു വിലയും കൽപിച്ചില്ല. വിഭാഗീയ പ്രശ്നങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങൾ മൂലം സംസ്ഥാന സെക്രട്ടറിക്ക് വരെ നേരിട്ട് വരേണ്ട സാഹചര്യമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി ആവശ്യപ്പെട്ടതാണ്. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരേ മത്സരം നടന്നിരുന്നു. ഈ മത്സരത്തിൽ ഔദ്യോഗിക പക്ഷത്തെ ആറ് പേർ പരാജയപ്പെടുകയും ചെയ്‌തു. ഇത്തരമൊരു സാഹചര്യം വീണ്ടും ആവർത്തിക്കരുതെന്നതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാകമ്മറ്റിയുടേയും ജില്ലാ സെക്രട്ടറിയേറ്റിന്റേയും പ്രവർത്തനങ്ങൾ മുന്നോട്ട് പോയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.