സെക്രട്ടേറിയറ്റ് ജീവനക്കാരും സംഘടനകളും എതിര്‍ത്തു; ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കില്ല

സെക്രട്ടേറിയറ്റ് ജീവനക്കാരുടെയും സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെയും സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നേരത്തേയും നിറുത്തിവച്ചിരുന്നു.

പഞ്ച് ചെയ്ത ശേഷവും സീറ്റുകളിലിരിക്കാതെ ജീവനക്കാര്‍ ഓഫീസ് വിട്ട് കറങ്ങി നടക്കുന്നത് തടയാനാണ് സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകള്‍ക്ക് മുന്നിലും ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പഞ്ചിംഗുമായി ബന്ധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്.

ആറ് മാസം മുന്‍പ് നടപ്പാക്കാന്‍ ഉത്തരവിട്ട പദ്ധതിയാണ് സംഘടനകളുടെയും ജീവനക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് വാണ്ടും നീട്ടി വയ്ക്കുന്നത്. പദ്ധതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സംഘടനകള്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെയും സംഘടനാ നേതാക്കള്‍ സമീപിച്ചു.

അക്‌സസ് കണ്‍ട്രോള്‍, ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നായിരുന്നു വാദം. ജീവനക്കാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് സെക്രട്ടേറിയറ്റില്‍ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്.