സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അപമാനിച്ചു; പരാതിയുമായി പി.ജി ഡോക്ടര്‍

സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അധിക്ഷേപിച്ചു എന്ന പരാതിയുമായി കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര. സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ എത്തിയപ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അധിക്ഷേപിച്ചു എന്നാണ് ആരോപണം. ഇതേതുടര്‍ന്ന് അജിത്ര സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്തു കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തന്റെ സ്ത്രീത്വത്തെ അപമാനിച്ചാണ് ജീവനക്കാരന്‍ പെരുമാറിയതെന്നും ജീവനക്കാരന്റെ പേരറിയാതെ താന്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ലെന്നും ഡോ. അജിത്ര വ്യക്തമാക്കി.

അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാനായി എത്തിയ അജിത്ര പുറത്ത് കാത്തിരിക്കുകയായിരുന്നു. പുറത്തിട്ടിരുന്ന കസേരയില്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചായിരുന്നു അവര്‍ ഇരുന്നത്. ഇത് കണ്ട് ഐഡി കാര്‍ഡുള്ള ഒരാള്‍ വന്ന് സ്ത്രീകള്‍ കസേരയില്‍ കാല് ഉയര്‍ത്തി ഇരിക്കാന്‍ പാടില്ലെന്നും ഐ.എ.എസുകാര്‍ ഉള്‍പ്പടെയുള്ള വലിയ ഉദ്യോഗസ്ഥര്‍ വരുന്ന സ്ഥലമാണിതെന്നും അജിത്രയോട് പറയുകയായിരുന്നു. സ്ത്രീകള്‍ കാല്‍ കയറ്റി വയ്ക്കാന്‍ പാടില്ലേ എന്ന് അജിത്ര തിരിച്ച് ചോദിച്ചപ്പോള്‍ എന്നാല്‍ തുണിയുടുക്കാതെ നടക്ക് എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടിയെന്നാണ് അജിത്രയുടെ പരാതി. തന്നോട് മോശമായ രീതിയില്‍ പെരുമാറിയ ആളെ കുറിച്ച് പൊലീസുകാരോട് ചോദിച്ചപ്പോള്‍ അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ലന്നും ആളെക്കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും അജിത്ര പറഞ്ഞു.