വേനല്‍ചൂട്: അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ഡ്രസ്‌കോഡ് പരിഷ്‌കരിക്കണമെണ് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍

വേനല്‍ചൂടില്‍ അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ഡ്രസ്‌കോഡ് പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകര്‍ക്കും ന്യായാധിപര്‍ക്കും. കൊടുംചൂടിലും വായു കടക്കാത്ത കറുത്ത വസ്ത്രം ഒഴിവാക്കാനാകില്ല. ഞാന്‍ ഇന്ന് ആലപ്പുഴ മുന്‍സിഫ് കോടതിയില്‍ പോയിരുന്നു. കറണ്ടില്ലാത്തതിനാല്‍ അവിടെ ഫാനും ഇല്ലായിരുന്നു. ഹൈക്കോടതിയോ ബാര്‍ കൗണ്‍സിലോ ആരാണെന്നു വെച്ചാല്‍ അവര്‍ അഭിഭാഷകരോടും ന്യായാധിപരോടും അല്‍പം കരുണ കാണിക്കണം. വസ്ത്രം മനുഷ്യനു വേണ്ടിയാണ്. മനുഷ്യന്‍ വസ്ത്രത്തിനു വേണ്ടിയല്ല. വസ്ത്രം കാലാവസ്ഥയ്ക്ക് അനുസൃതമാകണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

https://www.facebook.com/sebastian.paul.7564/posts/10218090108146352

വേനല്‍ചൂട് കനത്തതോടെ കഴിഞ്ഞ ദിവസം കോട്ടും ഗൗണും ധരിക്കാതെ കോടതിയില്‍ വാദിക്കാനെത്തിയ അഭിഭാഷകെന കോടതി വിലക്കിയിരുന്നു. തിരുവനന്തപുരം കോടതിയാണ് കോട്ടും ഗൗണുമില്ലാതെ വാദം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്. കോട്ടും ഗൗണും ധരിക്കാത്ത അഭിഭാഷകര്‍ക്ക് കക്ഷിക്കു വേണ്ടി ഹാജരാകാനോ വാദം പറയാനോ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

വേനല്‍ക്കാലത്ത് കോട്ടും ഗൗണും ധരിക്കുന്നതില്‍ നിന്ന് അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇളവ് നല്‍കിയിട്ടുണ്ടെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. മറ്റുള്ള അഭിഭാഷകരെ പോലെ കോട്ടും ഗൗണും ധരിച്ചു വന്നാല്‍ മാത്രമേ താന്‍ കേസില്‍ വാദം കേള്‍ക്കൂ എന്നാണ് ജില്ലാ ജഡ്ജി പറഞ്ഞത്.