സ്‌കൂൾ കലോത്സവത്തിൽ ഇന്ന് കലാശക്കൊട്ട്; മുൻപിൽ കോഴിക്കോട്, സമാപന ചടങ്ങിൽ മുഖ്യാതിഥി മമ്മൂട്ടി

അഞ്ച് ദിവസങ്ങളായി കൊല്ലത്ത് നടക്കുന്ന സംസ്ഥാന സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷനായിരിക്കും.

സ്വർണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണുള്ളത്. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ 880 പോയിന്റുമായി മൂന്നാം സ്ഥാനത്ത് പാലക്കാടാണ്.

239 മത്സരങ്ങളിലായി 12,107 കുട്ടികളാണ് ഇത്തവണ പങ്കെടുത്തത്. കോഴിക്കോട് ജില്ലയിൽ നിന്നാണ് കൂടുതൽ മത്സരാർഥികൾ. 1001 കുട്ടികൾ കോഴിക്കോടിനെ പ്രതിനിധീകരിച്ചു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള ബഹുമതി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ്.