മനോഹരന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; സി.പി.ആര്‍ നല്‍കി യുവാവ്

തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മനോഹരന്‍ കുഴഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 9.40 ഓടെ കുഴഞ്ഞ് വീണ മനോഹരന് സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് ഉടന്‍ തന്നെ സിപിആര്‍ നല്‍കുന്നതും ഒരുമിനിറ്റിനുള്ളില്‍ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചപ്പോള്‍ മുന്നിലേക്ക് കയറ്റി ഇരുചക്രവാഹനം നിര്‍ത്തിയ മനോഹരന്റെ മുഖത്ത് പൊലീസ് അടിച്ചതായി ദൃക്‌സാക്ഷികള്‍ സ്ഥിരീകരിച്ചിരുന്നു. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഹൃദ്രോഗ ലക്ഷണങ്ങള്‍ ഉള്ളയാണെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ നിന്നും സൂചന ലഭിച്ചതായും അറിയുന്നു. ആന്തരികാവയവങ്ങള്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്.

ശനിയാഴ്ച്ചയാണ് ഇരുമ്പനം കര്‍ഷക കോളനിയില്‍ മഹേന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്. അതിന് ശേഷം ഇയാളെ ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വച്ച് കുഴഞ്ഞുവീണാണ് ഇയാള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് മനോഹരന്‍ മരിച്ചതെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.