ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ ലഹരി വില്‍പന; യുവാവ് കസ്റ്റഡിയില്‍

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ ലഹരി മരുന്ന് വില്‍പന നടത്തിയ യുവാവ് അറസ്റ്റിലായി. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശിയായ നിതിനെയാണ് എക്‌സൈസ് പിടികൂടിയത്. കൊച്ചി കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ലഹരി മരുന്ന് കൈമാറ്റത്തിന് എത്തിയപ്പോഴാണ് നിതിന്‍ പിടിയിലായത്.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പിന് നല്‍കിയിരിക്കുന്ന ലൊക്കേഷന്‍ കൃത്യമല്ലെന്ന് പറഞ്ഞ് ആളുകളോട് വാട്‌സ് ആപ്പില്‍ ലൊക്കേഷന് അയച്ച് നല്‍കാന്‍ നിതിന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ ആളുകളുടെ നമ്പറുകള്‍ ശേഖരിച്ച് അവരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ലഹരിമരുന്ന് വില്‍പ്പന നടത്തുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റും പോകുന്നവരില്‍ നിന്നാണ് ഇയാള്‍ ലഹരിമരുന്ന് എത്തിക്കാറുണ്ടായിരുന്നത് എന്ന് എക്സൈസ് പറയുന്നു. പഠിക്കാന്‍ ഏകാഗ്രത കിട്ടുമെന്നും ബുദ്ധിവര്‍ദ്ധിക്കുമെന്നുമെല്ലാം പറഞ്ഞാണ് ഇവയുടെ വില്‍പ്പന നടത്തിയിരുന്നത്.

Read more

നിതിന്റെ കയ്യില്‍ നിന്നും ലഹരിമരുന്ന് വാങ്ങിയിരുന്ന വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തു.