മകന്റെ മരണത്തിൽ മനം നൊന്ത് ദമ്പതികൾ പുഴയിൽ ചാടി മരിച്ചു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് ഇന്ന് രാവിലെ നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ പരസ്പരം കെട്ടിയാണ് ദമ്പതികൾ നെയ്യാറിൽ ചാടി മരിച്ചത്.
ഏക മകന്റെ മരണത്തിൽ മനംനൊന്താണ് ദമ്പതികൾ ജീവനൊടുക്കിയത്. ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹവും കണ്ടെടുത്തത്. പരസ്പരം കൈകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കരയിൽ നിന്നും ഇരുവരുടേയും ചെരുപ്പുകളും 4 പേജുളള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
രാവിലെ എട്ടരയോടെ കാറിൽ ഇവിടെയെത്തിയ ദമ്പതികൾ കൈകൾ ചേർത്ത് കെട്ടി നെയ്യാറിൽ ചാടുകയായിരുന്നു. ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അപകടത്തിൽ മരിച്ചത്. ലോ അക്കാദമിയിൽ അവസാന വർഷ വിദ്യാർഥിയായിരുന്നു ശ്രീദേവ്. ശ്രീദേവിന്റെ മരണം നൽകിയ വേദനയിൽ നിന്നും കരകയറാനാകാതെ ജീവിക്കുകയായിരുന്നു ദമ്പതികൾ. ഒടുവിൽ മകന്റെ മരണത്തിന് ഒരു വർഷമാകാനിരിക്കെയാണ് ജീവനൊടുക്കിയത്.