തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല സമരത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി ബി.ജെ.പി; അനിശ്ചിതത്വത്തിലായി ശബരിമല കര്‍മ്മസമിതി

ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ മുന്‍നിര്‍ത്തി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശബരിമല വിഷയം ഒഴിവാക്കാനൊരുങ്ങി ബി.ജെ.പി. ശബരിമലയുമായി ബന്ധപ്പെട്ട പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറാനാണ് ബിജെപി ഒരുങ്ങുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചരാണായുധമാക്കിയെങ്കിലും അതിന്റെ ഗുണമനുഭവിച്ചത് യുഡിഎഫ് ആണെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം.

ശബരിമല വിഷയത്തില്‍ ഇനി ധാര്‍മ്മികമായ പിന്തുണ മാത്രം നല്‍കിയാല്‍ മതിയെന്നാണ് ബിജെപി നിലപാട്. ഫലത്തില്‍ ശബരിമല കര്‍മ്മസമിതി മാത്രമായിരിക്കും സമരത്തിനുണ്ടാവുകയെന്നാണ് ചുരുക്കം.

പ്രക്ഷോഭങ്ങള്‍ അക്രമസ്വഭാവത്തിലേക്ക് നീങ്ങിയതോടെ സമാധാനകാംക്ഷികളുടെ വോട്ടും നിരന്തരമായ ഹര്‍ത്താലുകള്‍ വ്യാപാരികളുടെ വോട്ടുകളും യുഡിഎഫിന് ലഭിക്കുന്ന അവസ്ഥയുണ്ടാക്കിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പില്‍ ശബരിമല കര്‍മ്മസമിതിയുടെ കണക്കുകൂട്ടലുകളും പാളിയിരുന്നു. ശബരിമലയെ മുന്‍നിര്‍ത്തി വലിയ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു സമിതിയുടെ കണക്ക്കൂട്ടല്‍.