കാനനപാതയില്‍ തട്ടിത്തടഞ്ഞ് വീണ് പിണറായി; അയ്യപ്പന്‍ തുണയ്ക്കാതെ ബി.ജെ.പി 

 ആതിര അഗസ്റ്റിന്‍

ശബരിമല വിഷയം കേരളത്തില്‍ പിടിച്ചു കയറാനുള്ള ആയുധമാക്കി ബിജെപി മാറ്റിമറിച്ചപ്പോള്‍ അതിന്റെ ഗുണഭോക്താക്കളായത് യുഡിഎഫ്. ചരിത്രത്തിലില്ലാത്ത വിധം ഭൂരിഭാഗം മണ്ഡലങ്ങളിലും ലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്ര് ചരിത്രവിജയം നേടിയതിന് പിന്നില്‍ ശബരിമലയും കാരണമായോ എന്നതാണ് പ്രസക്തമായ ചോദ്യം.

സുപ്രീം കോടതി വിധി വന്നതു മുതല്‍ യുവതീ പ്രവേശത്തിന് വേണ്ടിയാണ് ഇടതുപാര്‍ട്ടികളും സര്‍ക്കാരും നിലകൊണ്ടത്. തിരഞ്ഞെടുപ്പോ വോട്ടുകളോ അല്ല വലുത് നിലപാടുകളാണ് എന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ശബരിമലയില്‍ യുവതിയെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ബിജെപിയും എതിര്‍ത്തു കൊണ്ട് സര്‍ക്കാരും നിലകൊള്ളുകയായിരുന്നു. സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി ഇത് മാറിയത് വളരെ പെട്ടെന്നായിരുന്നു. സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് തന്നെ പറയാം. യുഡിഎഫും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും പിന്തുണ നല്‍കാതെ “വിശ്വാസികള്‍ക്ക്” വേണ്ടി നില്‍ക്കുക കൂടി ചെയ്തപ്പോള്‍ ബിജെപിയു സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കനക്കുകയായിരുന്നു.

യുവതീപ്രവേശത്തിനായി ഏതറ്റം വരെയും പോകും എന്ന എല്‍ഡിഎഫ് നിലപാട് ഒന്നു കൂടി ഉറപ്പിക്കുന്ന രീതിയിലായിരുന്നു വനിതാ മതില്‍. വലിയ ജനകീയ പങ്കാളിത്തമായിരുന്നു പലയിടങ്ങളിലും ഉണ്ടായിരുന്നത്. വനിതാ മതിലില്‍ അണി നിരന്ന സ്ത്രീകളുടെ കണക്കുകള്‍ പോലും വോട്ടു കണക്കിലേക്ക് വീണില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സുപ്രീം കോടതി വിധിയാണ് ഇക്കാര്യത്തില്‍ സി പി എമ്മും സര്‍ക്കാരും ഉയര്‍ത്തി കാട്ടിയിരുന്നത്. എന്നാല്‍ ഇതിന് മുമ്പ് പല വിധികളും വന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അല്‍പ്പം കൂടി സാവകാശം സര്‍ക്കാര്‍ കാണിക്കണമെന്നും കോണ്‍ഗ്രസ് പരസ്യമായി ആവശ്യം ഉന്നയിച്ചിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട ഈ “നിലപാടില്ലായ്മ”യാണ് കേരളത്തില്‍ ജയത്തിന് വഴി തെളിച്ചതെന്ന കണക്കുകൂട്ടലാണ് നേതാക്കന്മാര്‍ക്ക്. ആരുടേയും വിശ്വാസത്തെയും ആചാരത്തെയും തകര്‍ക്കില്ലെന്നും മുറിവേല്‍പ്പിക്കില്ലെന്നും കേരളത്തെ കലാപഭൂമിയാക്കാന്‍ സമ്മതിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം വിശ്വാസികളോടൊപ്പം എന്നവകാശപ്പെട്ട ബിജെപിയെ ജനങ്ങള്‍ കൈവിടുകയും ചെയ്തു.

ശബരിമല ഏറ്റവും പ്രത്യക്ഷമായിരുന്ന പത്തനംതിട്ട പോലും ബിജെപിയെ തുണച്ചില്ലെന്നതാണ് ബിജെപിക്കുള്ള നിരാശ. ബിജെപി നേതാവ് ബി ഗോപാല കൃഷ്ണന്‍ പരസ്യമായി തന്നെ ആ നിരാശ പറയുകയും ചെയ്തു. മണ്ണും ചാരിയിരുന്നവന്‍ പെണ്ണും കൊണ്ട് പോയെന്നാണ് യുഡിഎഫിന്റെ വിജയത്തെ ഗോപാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്. വിശ്വാസത്തെ മുറുകെ പിടിക്കുന്ന സ്ത്രീ വോട്ടര്‍മാര്‍ പോലും എന്തുകൊണ്ട് ബിജെപിക്ക് ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്