ശബരിമല സ്വർണക്കൊള്ളയിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവിലും പ്രദർശിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ ദൃശ്യങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഉൾപ്പെട്ടിട്ടുണ്ട്. നിരവധി ഭക്തജനങ്ങളും പുരോഹിതരും വാതില്‍ കാണാനായി എത്തുന്നതും അവിടെ ചില പൂജകള്‍ നടക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വാതില്‍ പ്രദര്‍ശനത്തിന് വച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സഹായി രമേഷ് റാവുവുമാണ് വാതില്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. 2019ലാണ് ശബരിമലയിലെ ശ്രീകോവിലിന്റെ പുതിയ വാതില്‍ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വച്ച് നിര്‍മിച്ചത്. പിന്നീട് ഇത് ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണംപൂശി.
സ്വര്‍ണം പൂശിയ ശേഷം വീണ്ടും ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ വാതില്‍ കൊണ്ടുവന്ന ശേഷമാണ് പ്രദര്‍ശനം നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി വാതില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് മുന്‍പുതന്നെ പുറത്തുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഒരു ദിവസത്തെ പ്രദര്‍ശനത്തിനുശേഷം വാതില്‍ എങ്ങോട്ടാണ് കൊണ്ടുപോയത് എന്നതില്‍ വ്യക്തതയില്ല. ചെന്നൈയില്‍ ഉള്‍പ്പെടെ ചില പ്രമുഖര്‍ക്ക് മുന്‍പിലും ഉണ്ണികൃഷ്ണന്‍ പോറ്റി ഇതേ വാതില്‍ പ്രദര്‍ശിപ്പിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.







