ശബരിമല സ്വർണ മോഷണത്തിൽ ആര് പ്രതിയായാലും നടപടി ഉറപ്പാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടേയെന്ന് മന്ത്രി പറഞ്ഞു. ഈ കേസിൽ ഒന്നും ഒളിക്കാനില്ലെന്നും കോടതിയുടേയും സർക്കാരിൻ്റെയും നിലപാട് ഒന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിജിലൻസ് കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10 പേരെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറാഴ്‌ചക്കകം റിപ്പോർട്ട് നൽകാൻ കോടതി പറഞ്ഞിട്ടുണ്ട്. എസ്പെഐടി അന്വേഷണത്തിൽ ആര് പ്രതിയായാലും നടപടി ഉറപ്പാണ്. എസ്ഐടി അന്വേഷിച്ച് പ്രതിയാണെന്ന് കണ്ടെത്തുന്ന ആരായിരുന്നാലും കൃത്യമായി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശബരിമലയിലെ സ്വർണ മോഷണത്തിൽ ഉദ്യോഗസ്ഥ വീഴ്ച അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സ്വര്‍ണം പൂശിയ ശില്പം കൊണ്ട് അന്യായമായി ലാഭമുണ്ടാക്കിയെന്നും സ്വര്‍ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ നിരത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട്. 2019 ലെ ദേവസ്വം ബോര്‍ഡിനെയടക്കം സംശയിച്ചുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സ്വർണ മാറ്റത്തിന് ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ നിര്‍ദേശമോ ഉണ്ടായിരുന്നോ എന്നത് ഗൗരവമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതിക്ക് സമര്‍പ്പിച്ച ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.







