ശബരിമലയിലെ സ്വർണ മോഷണം; പ്രതിസ്ഥാനത്ത് 2019ലെ ദേവസ്വം ബോർഡ് അംഗങ്ങൾ, രണ്ടാം എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

ശബരിമലയിലെ സ്വർണ മോഷണ കേസിൽ രണ്ടാം എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കേസിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങൾ പ്രതികളാകും. എ പദ്മകുമാർ പ്രസിഡന്റ് ആയ ഭരണ സമിതിയാണ് പ്രതിസ്ഥാനത്ത് ഉള്ളത്. കട്ടിളപ്പാളി കടത്തിയതിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഇന്നലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബെംഗളൂരു ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ ഗുരുതര വെളിപ്പെടുത്തലുമായി മൂരാരി ബാബു രംഗത്തെത്തിയിരുന്നു. ചെമ്പെന്ന് രേഖപ്പെടുത്തി ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കടത്തിയെന്നായിരുന്നു മൂരാരി ബാബുവിന്റെ തുറന്ന് പറച്ചിൽ. ചെയ്ത കാര്യങ്ങൾ എല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്നും മുരാരി ബാബു പറഞ്ഞിരുന്നു.

2019 ൽ സ്വർണ്ണപ്പാളി ചെമ്പ് പാളി ആണെന്ന റിപ്പോർട്ട് എഴുതിയത് അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആണ്. 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു. ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസ് റിപ്പോർട്ട്. മുരാരി ബാബു 2024 ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണപ്പാളി നവീകരണത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് ദേവസ്വം ബോർഡ് നിരാകരിച്ചിരുന്നു.

അതേസമയം ശബരിമലയിലെ സ്വർണ മോഷണ കേസിൽ അന്വേഷണം കൂടുതല്‍ സ്‌പോണ്‍സര്‍മാരിലേക്ക് വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. 2019ല്‍ വാതില്‍പ്പാളികളില്‍ സ്വര്‍ണം പൂശിയത് ഗോവര്‍ധനന്‍ എന്ന സ്‌പോണ്‍സര്‍ ആണെന്ന് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സ്‌പോണ്‍സര്‍മാരിലേക്ക് വ്യാപിപ്പിക്കുന്നത്.

2019 മാര്‍ച്ച് മാസത്തില്‍ ശബരിമലയിലെ വാതില്‍പ്പാളികളും കട്ടിളപ്പടിയും സ്വര്‍ണം പൂശാനായി പുറത്തേക്ക് കൊണ്ടുപോയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വാതില്‍പ്പാളി കൊണ്ടുപോയത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്രിയേഷന്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം വാതില്‍പ്പാളികളില്‍ പൂശാനുള്ള സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഗോവര്‍ധനന്‍ എന്നയാളാണ്.

Read more